പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവെച്ചു. ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണു രാജി. എലപ്പുള്ളിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് യുവതി രാജിക്കത്ത് കൈമാറിയത്.
യുവതിക്കൊപ്പംനിന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. നിരന്തരം അപവാദപ്രചരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്.
നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നുമാണു സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയെ ആറുമാസത്തേക്കു പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.