X

ശശിക്കെതിരായുള്ള പീഡനപരാതി; നടപടിയെ തുടര്‍ന്ന് സി.പി.എമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ നടപടിയെ തുടര്‍ന്ന് സിപി.എമ്മില്‍ ഭിന്നത രൂക്ഷം. വനിതാ നേതാവിന്റെ പരാതി ഇ-മെയില്‍ വഴി ലഭിച്ചിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതിന് പിന്നാലെ യെച്ചൂരിയെ തള്ളി കാരാട്ട് രംഗത്തെത്തുകയായിരുന്നു.

പീഡനപരാതി അറിയില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട് പറഞ്ഞു. ശശിക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് പി.ബിയും അറിയിച്ചു. പീഡനപരാതി കിട്ടിയിട്ടില്ല. പരാതി ഉണ്ടെങ്കില്‍ സംസ്ഥാന ഘടകമാണ് സ്വീകരിക്കേണ്ടതെന്നും പി.ബി പറഞ്ഞു. പീഡനപരാതി കിട്ടിയോ എന്ന് വ്യക്തമാക്കാതെയായിരുന്നു പി.ബിയുടെ വാര്‍ത്താകുറിപ്പ്. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ബൃന്ദകാരാട്ടും  പ്രതികരിച്ചു.

പരാതി ലഭിച്ചിരുന്നുവെന്നും പരാതി പരിഗണിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും യെച്ചൂരിയും പറഞ്ഞിരുന്നു. അതേസമയം, മൂന്നാഴ്ച്ച മുമ്പ് തന്നെ പരാതി ലഭിച്ചിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരാതി പൊലീസിന് നല്‍കേണ്ടതായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്‌തേനെ. പാര്‍ട്ടിയില്‍ പരിഹരിക്കേണ്ട പ്രശ്‌നമായതിനാലാണ് പാര്‍ട്ടിക്ക് നല്‍കിയത്. പരാതിയില്‍ നടപടി തുടങ്ങിയെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ കൊടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തി. എ.എന്‍ ഷംസീര്‍, എം സ്വരാജ് എന്നിവര്‍ ഏ.കെ.ജി സെന്ററിലെത്തി കൊടിയേരിയെ
കണ്ടു ചര്‍ച്ച നടത്തുകയായിരുന്നു. സംഭവത്തില്‍ ഡി.വൈ.എഫ്.ഐക്ക് പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ് പ്രതികരിക്കാമെന്നും സ്വരാജ് പ്രതികരിച്ചു.

രണ്ടാഴ്ച്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നല്‍കിയത്. നടപടി വരാത്തതിനാല്‍ സീതാറാം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലിബില്‍ പി.ബി ചേര്‍ന്ന ശേഷം അന്വേഷണം പ്രഖ്യാപിച്ചുവെന്നായിരുന്നു വാര്‍ത്ത. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് തള്ളി പി.ബി രംഗത്തുവരികയായിരുന്നു.

chandrika: