തിരുവനന്തപുരം: ലൈംഗികാരോപണവിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് സിപിഎം മാറ്റിയേക്കും. ആരോപണക്കേസില്‍ ശശിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റി യോഗം ഇക്കാര്യം പരിഗണിക്കും.
സസ്‌പെന്‍ഷന്‍ അടക്കം നടപടികള്‍ സ്വീകരിക്കണമെന്നാണ് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മന്ത്രി എ.കെ. ബാലന്‍, പി.കെ. ശ്രീമതി എം.പി എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് ശശിക്കെതിരായ പരാതി. ശശിയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിയുമായി മുന്നോട്ടുപോകാതിരിക്കാന്‍ വന്‍തുക വാഗ്ദാനംചെയ്തുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളും കമ്മീഷനു ലഭിച്ചിരുന്നു. കമ്മീഷന്‍ പാലക്കാട്ടെത്തി യുവതിയുടെ മൊഴിയെടുത്തിരുന്നു.