X

നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാന്‍ ഇത് എകെജി സെന്ററല്ല, നിയമ പോരാട്ടം നടത്തും; എംഎസ്എഫ്

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാല ഷംസീറിനെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നീങ്ങുമെന്ന് എംഎസ്എഫ്. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിക്കും. കോടതിയില്‍ നിയമപരമായി നേരിടുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു.

നവാസിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാന്‍ ഇത് എകെജി സെന്ററല്ല, കാലിക്കറ്റ് സര്‍വകാലശാലയാണ്, സാധ്യമായ മുഴുവന്‍ നിയമ പോരാട്ടങ്ങള്‍ക്കും എംഎസ്എഫ് നേതൃത്വം നല്‍കും. കാലിക്കറ്റ് സര്‍വകലാശാല എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ ആകെയുള്ള 2 ഒഴിവുകളിലേക്കാണ് നേതാക്കളുടെ ഭാര്യമാരെ തിരുകി കയറ്റുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാന്‍ ശ്രമിച്ച് വിവാദമായി പിന്മാറിയ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലാ ഷംസീറിനെ 10 വര്‍ഷം മുന്‍പ് വിരമിച്ച അവരുടെ തന്നെ ഗൈഡായ ഡോക്ടര്‍ പി കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമാക്കിയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ സംവരണാടിസ്ഥാനത്തിലെ മുസ്ലിം ഒഴിവിലേക്ക് ഇന്റര്‍വ്യൂ മാര്‍ക്ക് അട്ടിമറിച്ച് തിരുകി കയറ്റാന്‍ ശ്രമിക്കുന്നത്

ഇതേ ഡിപ്പാര്‍ട്‌മെന്റിലെ മെറിറ്റ് റാങ്ക് പട്ടികയില്‍ ഒന്നാമതായി മുന്‍ എസ്എഫ്‌ഐ നേതാവും നിലവില്‍ ഡിവൈഎഫ്‌ഐ നേതാവുമായ അബ്ദുള്ള നവാസിന്റെ ഭാര്യ റീഷയയെ ആണ് കൊണ്ടുവന്നിരിക്കുന്നത്

ആകെയുള്ള 2 ഒഴിവുകളിലേക്ക് എഴുപതോളം അപേക്ഷകരില്‍ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 38 പേര്‍ ഇന്റര്‍വ്യൂവിന് ഹാജരായി. ഉയര്‍ന്ന അക്കാദമിക യോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും സര്‍വകലാശാലകളിലും കോളേജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂവില്‍ കുറഞ്ഞ മാര്‍ക്കുകള്‍ നല്‍കി അവരെ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചത്. യോഗ്യരായ പലരെയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഷോര്‍ട്ട് ലിസ്റ്റിംഗില്‍ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല ഗവര്‍ണറെ സമീപിക്കുന്നതും കോടതിയെ സമീപിക്കുന്നതുമായ എല്ലാ നിയമ പോരാട്ട മാര്‍ഗ്ഗങ്ങളുടെയും സാധ്യതകള്‍ എംഎസ്എഫ് പരിശോധിക്കും.

 

 

web desk 1: