കോഴിക്കോട്: ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കല്ലുകള്‍ കൊണ്ടല്ല ജനാധിപത്യത്തില്‍ എതിരാളികളെ നേരിടേണ്ടതെന്നും എതിരാളികളെ തെരുവില്‍ നേരിടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തില്‍ നിന്ന് ഇന്ന് കേള്‍ക്കേണ്ടി വന്ന വാര്‍ത്ത ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ തന്നെ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും പ്രമുഖനായ പ്രതിപക്ഷ നേതാവിന് പോലും സുരക്ഷിതമായി സഞ്ചരിക്കാവുന്ന സംസ്ഥാനമല്ലാതായിരിക്കുന്നു മോദിയുടെ ഗുജറാത്തും, ഇന്ത്യയും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിക്ക് നേരെ ഇന്ന് നടന്ന അക്രമം അങ്ങേയറ്റം അപലപനീയമാണ്, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെ മോഡി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആള്‍ക്കൂട്ടം രാഹുല്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിയുകയുമായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. ബനാകാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനു നേരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയായിരുന്നു.
ഗുജറാത്തില്‍ പ്രളയ ദുരന്തം അനുഭവിക്കുന്ന ബനസ്‌കന്ധ മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ രാഹുലിന്റെ സുക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അതേസമയം അക്രമത്തിന്റെ പിന്നില്‍ ബി.ജെ.പിയാണെന്നും അക്രമികള്‍ മോദി അനുകൂല മുദ്രാവാക്യം വിളിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.
അതേ സമയം അക്രമത്തില്‍ ശക്തമായ പ്രിതിഷേധം രേഖപ്പെടുത്തി രാഹുല്‍ രംഗത്തെത്തി
നരേന്ദ്ര മോദി ജീ, മുദ്രാവാക്യങ്ങള്‍ക്കും കരിങ്കൊടികള്‍ക്കും ഞങ്ങളെ തടയാന്‍ സാധിക്കില്ല. ജനങ്ങളെ സേവിക്കാന്‍ സാധിക്കുന്നതെല്ലാം തുടര്‍ന്നും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഗുജറാത്തില്‍ നിന്ന് ഇന്ന് കേള്‍ക്കേണ്ടി വന്ന വാര്‍ത്ത ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ തന്നെ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും പ്രമുഖനായ പ്രതിപക്ഷ നേതാവിന് പോലും സുരക്ഷിതമായി സഞ്ചരിക്കാവുന്ന സംസ്ഥാനമല്ലാതായിരിക്കുന്നു മോദിയുടെ ഗുജറാത്തും, ഇന്ത്യയും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിക്ക് നേരെ ഇന്ന് നടന്ന അക്രമം അങ്ങേയറ്റം അപലപനീയമാണ്. കല്ലുകള്‍ കൊണ്ടല്ല ജനാധിപത്യത്തില്‍ എതിരാളികളെ നേരിടേണ്ടത്. നരേന്ദ്ര മോദിക്ക് ജയ് വിളിച്ചാണ് അക്രമികള്‍ കല്ലെറിഞ്ഞതത്രെ. ഭരണപരാജയം വേട്ടയാടുമ്പോള്‍ ഏകാധിപതികള്‍ എതിരാളികളെ തെരുവില്‍ നേരിടാറുണ്ട്. പക്ഷേ ഇന്ത്യ പോലുള്ളൊരു ജനാധിപത്യ രാജ്യത്തും ആ മാര്‍ഗം സ്വീകരിക്കുന്നവരുണ്ടെന്നത് ലജ്ജാകരമാണ്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് ഇത്തരം വേലകളെങ്കില്‍ അത് കണ്ട് പിന്തിരിയില്ലെന്ന രാഹുല്‍ജിയുടെ പ്രതികരണം രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് ആത്മ വിശ്വാസം പകരുന്നതാണ്.