മലപ്പുറം: രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും നേതാക്കളെ നിരന്തരം കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് അനാവശ്യമായി അന്വേഷണം അഴിച്ചു വിട്ട് പ്രധാന നേതാക്കളെയെല്ലാം ബുദ്ധിമുട്ടിക്കുന്നത്. സോണിയ ഗാന്ധിയെ പോലെയുള്ള നേതാക്കളെ വേട്ടയാടുന്നതിലൂടെ കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ് ലക്ഷ്യം. അതിനെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ക്കണം. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിംലീഗ് അനുവദിക്കില്ല. മുസ്‌ലിംലീഗ് കോണ്‍ഗ്രസിനോപ്പം ഉറച്ചു നില്‍ക്കും. ഇതു സംബന്ധിച്ച യോഗം പാര്‍ട്ടി അടിയന്തിരമായി ചേരും. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോണിയ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു കത്തെഴുതിയിട്ടുണ്ട്. മുഴുവന്‍ എം.പിമാരും ചേര്‍ന്ന് ഈ കത്ത് സോണിയാഗാന്ധിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനാവശ്യ വിവാദത്തിന് തിരികൊളുത്തുകയാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണ്. അത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി സര്‍ക്കാര്‍ പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദ്യാഭ്യാസ സംബന്ധമായി ഒട്ടനേകം വിഷയങ്ങളാണ് കേരളത്തിലുള്ളത്. ആദ്യം വിദ്യാഭ്യാസ രംഗത്ത് കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയാണ് പരിഹരിക്കേണ്ടത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സീറ്റില്ലാതെ നെട്ടോട്ടമോടുകയാണ്.ഈ വിഷയം സര്‍ക്കാറിന്റെ ചര്‍ച്ചയിലെ ഇല്ല. വിദ്യാഭ്യാസ സൗകര്യം വര്‍ദ്ധിപ്പിക്കുന്ന വിഷയത്തിലും ഇവര്‍ക്ക് ചര്‍ച്ചകളില്ല. എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള അവസരമൊരുക്കണം. അനാവശ്യ വിവാദത്തെക്കാള്‍ നമുക്കാവശ്യം വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റ് നല്ലത് തന്നെയാണ്. സാധാരണക്കാര്‍ക്ക് എന്ത് കിട്ടിയാലും സന്തോഷമാണ്. പക്ഷെ കേരളം കഴിഞ്ഞു പോകുന്നത് സര്‍ക്കാര്‍ കിറ്റിലല്ല. സന്നദ്ധ സംഘടനകളുടെ സഹായം വളറെ വലുതാണ്. സര്‍ക്കാര്‍ സഹായത്തേക്കാള്‍ ജനങ്ങളിലെത്തുന്നത് കേരളത്തിലെ സന്നദ്ധ സേവനമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Watch Video: