മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയുള്ളതായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും വിഷയം എല്ലാവരുമായി കൂടി ആലോചിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വ്യക്തമാക്കി.
മുത്തലാഖ് വിഷയത്തില്‍ ധൃതിപിടിച്ച് ഏകപക്ഷീയമായി ഓര്‍ഡിനന്‍സ് ഇറക്കി നിയമം നടപ്പാക്കരുത്. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയമായി തീരുമാനത്തെ ഉപയോഗിക്കുമോ എന്ന ആശങ്കയുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ അങ്ങനെ സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസില്‍ കക്ഷിചേര്‍ന്ന മുസ്ലിം പേഴ്‌സണല്‍ ലോബോഡിന് ഒപ്പമായിരുന്നു മുസ്ലിംലീഗ് ഇതുവരേയും. വിധി പഠിച്ച ശേഷം അവരുടെ കൂടെ നില്‍ക്കാനാണ് ലീഗിന്റെ തീരുമാനമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അറിയിച്ചു.
എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടു പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ മറ്റ് മുസ്ലിം സംഘടനകളുമായി യോജിച്ച് ഇക്കാര്യത്തില്‍ കടുത്ത നിലപാടിലേക്ക് മുസ്ലിംലീഗ് നീങ്ങുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ധൃതി പിടിച്ച് നിയമ നിര്‍മ്മാണം നടത്തേണ്ട കാര്യമില്ലെന്നും ആറു മാസത്തെ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ വളരെ പക്വതയോടെ സമാധാനത്തോട്കൂടെയുമാണ് കേന്ദ്രസര്‍ സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.