X
    Categories: MoreViews

ഏത് രാഷ്ട്രീയ സാഹചര്യവും നേരിടാന്‍ യു.ഡി എഫ് സന്നദ്ധം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പൊതു തെരഞ്ഞെടുപ്പുള്‍പ്പെടെ സംസ്ഥാനത്ത് ഏത് രാഷ്ട്രീയ സാചര്യവും നേരിടാന്‍ യു.ഡി.എഫ് സജ്ജമാണെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി. കേരളാ കോണ്‍ഗ്രസ് ഏത് മുന്നയിലേക്കാണ് പോകുന്നതെന്ന് കെ.എം മാണിയാണ് പറയേണ്ടത്. ഇപ്പോള്‍ സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല. നിലവിലെ രാഷ്ട്രീയ സ്ഥിതികള്‍ 25 ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് വലിയ വിജയം നേടും. ജെ ഡി യു മുന്നണി വിട്ടത് യു ഡി എഫിനെ ഒരു തരത്തിലും ബാധിക്കില്ല. ദള്‍ വരുന്നതിന് മുമ്പും യു ഡി എഫ് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയിട്ടുണ്ട്. അവര്‍ വന്നപോലെ പോയതുകൊണ്ട് പ്രത്യേകിച്ച് നഷ്ടമൊന്നും ഉണ്ടാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജയിക്കാനുള്ള ശക്തി ഇപ്പോഴും യു.ഡി.എഫിന് സ്വന്തമായുണ്ട്. സമയമാകുമ്പോള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. ജനങ്ങള്‍ വിലയിരുത്തുന്നത് ഘടകകക്ഷികളുടെ എണ്ണം നോക്കിയിട്ടല്ല. മറിച്ച് കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം സംബന്ധിച്ചു.

chandrika: