കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്ലിംലീഗ് ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടാണ് സ്വീകരിച്ചതെന്നും ലീഗ് അതിനു ശേഷം തകരുകയല്ല, വളരുകയാണ് ചെയ്തതെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബാബരി വിഷയത്തില്‍ ലീഗ് നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് പ്രശ്നത്തില്‍ ലീഗെടുത്ത നിലപാടിനെ വിമര്‍ശിക്കുന്നത് ഖേദകരമാണ്. ലീഗെടുത്ത നിലപാടിലേക്ക് പിന്നീട് എല്ലാവരും എത്തുന്ന കാഴ്ചയാണ് കാണുന്നത്. ബംഗാളിലെ സി.പി.എം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രംഗത്തു വരുന്നത് അതിന്റെ ഭാഗമായാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയബോധമുണ്ട്. ലീഗ് പിന്നീട് വളര്‍ന്നപ്പോള്‍ സി.പി.എം രാജ്യത്ത് തളര്‍ന്ന് ലീഗിനൊപ്പമെത്തി. സി.പി.എമ്മിനുള്ള അത്രയും ലോക്സഭാംഗങ്ങള്‍ ഇപ്പോള്‍ ലീഗിനുമുണ്ട്. ലീഗിന്റെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നാണ് അന്നും ഇന്നും ലീഗ് സ്വീകരിച്ച നിലപാട്. -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ മതേതര പാര്‍ട്ടികളും ഒന്നിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തട്ടിപ്പും അഴിമതിയുമാണ് നടക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ പിടികൂടുന്നത് മുഴുവന്‍ ഇടതു നേതാക്കളെയാണ്. കൊടുവള്ളിയിലെ ഇടത് കൗണ്‍സിലറെയാണ് കസ്റ്റഡിയിലെടുത്തത്. ഈ അഴിമതികളുടെ ആഴവും പരപ്പും വളരെ വലുതാണ്. ഇടതുപക്ഷത്തിന്റെ അഴിമതിയുടെ ഒരു ഭാഗം മാത്രമേ വെളിപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അഞ്ചുകൊല്ലം കൊണ്ട് സാധിക്കാത്തത് 100 ദിവസം കൊണ്ട് നടക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഭരണ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത്രയും കാലം പി.എസ്.സി നിയമനങ്ങള്‍ മരവിപ്പിച്ച സര്‍ക്കാര്‍, ആക്ഷേപം കേട്ടതോടെയാണ് നിയമനങ്ങളെക്കുറിച്ച് പറയുന്നത്. നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് കഴിഞ്ഞുപോയത്. മനുഷ്യത്വമില്ലാത്ത സമീപനമാണ് യുവാക്കളോട് സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.