X
    Categories: keralaNews

പിണറായി വിജയന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നെന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിലവാരമില്ലാത്തതായി പോയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ നിശിതമായി വിമര്‍ശിച്ചത്.

ഒരു ലീഗ് നേതാവും ഇതുവരെ ഇക്കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. പിന്നെ എവിടെ നിന്നാണ് മുഖ്യമന്ത്രിക്ക് ഈ വിവരം കിട്ടിയതെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ന്യൂനപക്ഷ കാര്‍ഡും ഭൂരിപക്ഷ കാര്‍ഡും മാറി മാറി കളിക്കുന്ന മുഖ്യമന്ത്രി സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

മറ്റുള്ള പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന രീതി ലീഗിനില്ല. അഭിപ്രായം പറയേണ്ട സ്ഥലത്ത് അത് പറയും. ഇതുമായി ബന്ധപ്പെട്ട ഒറ്റ പരസ്യപ്രസ്താവന പോലും ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഉണ്ടെങ്കില്‍ മുഖ്യമന്ത്രി അത് ചൂണ്ടിക്കാണിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഇനി വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനം രേഖപ്പെടുത്തും. ബിജെപിയും സിപിഎമ്മും മാത്രമേ ഉള്ളൂവെന്ന ധാരണ വേണ്ട. അങ്ങനെ ധരിച്ചാല്‍ കണക്ക് തെറ്റുമെന്നേ പറയാനുള്ളൂ. ഇതിലും വലിയ വിജയം കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: