മലപ്പുറം: മഹാ പ്രളയത്തിന് ശേഷം കേരളം പുനര്‍ നിര്‍മിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇതിനു വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുസ്‌ലിം ലീഗിന്റെ സഹായമുണ്ടാവുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യാക്ഷതയില്‍ പാണക്കാട് ചേര്‍ന്ന യോഗത്തിന് ശേഷം മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആവശ്യം. രാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന് മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കും. മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടിയുടെ സാഹയമെത്തിക്കും. പ്രളയം ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചത് മധ്യ തിരുവിതാംകൂറിലാണ്. ഇവിടേക്ക് സഹായത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഇതിനായി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രത്യേക ഫണ്ട് സമാഹരണം നടത്തും. യൂണിറ്റ്, വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ ഫണ്ട് സമാഹരണം സജീവമാക്കും. പ്രവര്‍ത്തകര്‍ സ്വരീപിച്ച ഭക്ഷണം, വസ്ത്രം, മറ്റു ആവശ്യ സാധനങ്ങള്‍ എന്നിവ അവിടേക്ക് എത്തിക്കും. ഇതിനായി എറണാകുളം കേന്ദ്രീകരിച്ച് മുസ്‌ലിം ലീഗിന്റെ രണ്ട് ദുരുതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. 15,000 വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരണ് പ്രവര്‍ത്തന രംഗത്തുള്ളത്. തുടര്‍ന്നുള്ള പുനരിധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെസാഹയമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സന്നദ്ധ സേവനങ്ങളാണ് ദുരന്ത ബാധിത മേഖലയില്‍ ഇനിവേണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും കെ.പി.എ മജീദും പറഞ്ഞു. ആളുകള്‍ വീട്ടിലേക്ക് തിരിച്ചെത്തുമ്പോളാണ് നഷ്ട കണക്കുകള്‍ കൂടുതല്‍ വ്യക്തമാകുക. അത്തരം ആളുകള്‍ക്ക് സാഹായം എത്തിക്കുന്നതിന് പ്രദേശിക തലത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ശ്രദ്ധ പുലര്‍ത്തും. സര്‍ക്കാറുമായി സഹകരിച്ച് ഭവന പദ്ധതികളുടെ ഭാഗമാകും. മുഴുവന്‍ പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സന്നിഹിതനായിരുന്നു.