തിരുവനന്തപുരം: സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെയും സാമ്പത്തിക സംവരണത്തിനായി വാദിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെയും അജണ്ട ഒന്നാണെന്നും സംവരണ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിം യൂത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ സംവരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഴുവന്‍ സംവരണ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് മുസ്‌ലിംലീഗ് നിലപാട് സ്വീകരിക്കുന്നത്. എല്ലാക്കാലത്തും സംവരണ സമുദായങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണ്. പിന്നാക്ക, ദലിത്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് മേലാണ് സര്‍ക്കാര്‍ കൈകടത്തുന്നത്. നിരവധി പ്രക്ഷോഭങ്ങളിലൂടെ യാതനകള്‍ അനുഭവിച്ച് നേടിയെടുത്തതാണ് സംവരണാനുകൂല്യം. പല കാര്യത്തിലുമെന്ന പോലെ സംവരണം അട്ടിമറിക്കുന്നതിലും ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നയം ഒന്നാണ്. ക്രിമീലയര്‍ പരിധി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല.
സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നെയിംബോര്‍ഡ് പരിശോധിച്ചാല്‍ അറിയാം സംവരണ സമുദായങ്ങളുടെ പ്രാതിനിധ്യം. പല മേഖലയിലും സംവരണ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യമില്ല. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ആരും എതിരല്ല. എന്നാല്‍ അത് സംവരണ സമുദായങ്ങളുടെ ആനുകൂല്യം കവര്‍ന്നും സംവരണതത്വം അട്ടിമറിച്ചും ആകരുത്.
സംവരണവുമായി ബന്ധപ്പെട്ട് വിവിധ ദലിത് നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. അവരെല്ലാം യോജിച്ച പോരാട്ടത്തിന് തയാറാണ്. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സംരക്ഷണം ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. രാജ്യത്തൊട്ടാകെ പിന്നാക്ക ദലിത് ഐക്യത്തിന് പ്രസക്തിയുള്ള കാലഘട്ടമാണിത്. ബി.ജെ.പിയെ ചെറുക്കാന്‍ ഫാസിസത്തെ എതിര്‍ക്കുന്നവരെല്ലാം ഒരു വേദിയില്‍ ഒരുമിച്ചുകൂടുകയാണിപ്പോള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ വലിയ പ്രചാരണവും ഇതിനായി നടക്കുന്നുണ്ട്. ആ വേദിയില്‍ കാണാത്ത ഏക പാര്‍ട്ടി സി.പി.എമ്മാണ്. സി.പി.എം നേതാക്കള്‍ ബി.ജെ.പിയെ അനുകൂലിക്കുകയാണ്. അവരുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം പരോക്ഷമായി പറയുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിയോടുള്ള സി.പി.എമ്മിന്റെ എതിര്‍പ്പുകള്‍ പ്രസംഗത്തിലും പ്രസ്താവനകളിലും മാത്രമേയുള്ളൂ. കേന്ദ്രവും കേരളവും ‘എളാപ്പയും മൂത്താപ്പയും’ കളിക്കുകയാണ്. ഇവര്‍ ഒരേ തൂവല്‍പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ലത്തിന്‍ അതിരൂപതാ അസിസ്റ്റന്റ് ബിഷപ്പ് ഫാദര്‍ യൂജിന്‍ പെരേര, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍, വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, ഡോ.എം. ശാര്‍ങധരന്‍, കേരള വണിക വൈശ്യ സംഘം പ്രസിഡന്റ് കുട്ടപ്പന്‍ ചെട്ടിയാര്‍, മോഹന്‍ശങ്കര്‍, താജുദ്ദീന്‍, സി.കെ സുബൈര്‍, ടി.പി അഷ്‌റഫലി, എം.എ സമദ്, അഡ്വ. വി.കെ ഫൈസല്‍ ബാബു, ശരവണന്‍ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം എന്നിവര്‍ സംബന്ധിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റുമാരായ അഡ്വ. സുള്‍ഫിക്കര്‍ സലാം, പി. ഇസ്മഈല്‍, പി.കെ സുബൈര്‍, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡി. നൗഷാദ്, ജനറല്‍ സെക്രട്ടറി ഹാരിസ് കരമന എന്നിവര്‍ സംബന്ധിച്ചു.