മലപ്പുറം: മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എം.സി ഖമറുദ്ദീന്റെ മികച്ച വിജയത്തിന് കാരണമായതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നേതാക്കള്‍ക്കിടയിലെ അനൈക്യമാണ് മറ്റു മണ്ഡലങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതിന് കാരണം. അനൈക്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നതാണ് ഉപതെരഞ്ഞെടുപ്പ് നല്‍കുന്നത് പാഠമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ബി.ജെ.പി വരുന്നത് തടയാന്‍ കഴിഞ്ഞ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ വലിയ നേട്ടം. ഇന്ത്യയില്‍ വേണ്ട മതേതര ഐക്യമാണ് മഞ്ചേശ്വരത്ത് കണ്ടത്. ഭൂരിക്ഷ സമുദായവും മഞ്ചേശ്വരത്ത് യു.ഡി.എഫിനെ പിന്തുണച്ചു. മഞ്ചേശ്വരത്ത് പാര്‍ട്ടിക്ക് സന്തോഷമുള്ള വിജയമാണ്. കേരളം ബി.ജെ.പിക്ക് കൊടുക്കാതെ കാത്തുസൂക്ഷിക്കാനായതില്‍ സന്തോഷമുണ്ട്.
പരാജയത്തിന് എന്‍.എസ്.എസിനെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ഐക്യമുണ്ടെങ്കില്‍ ഏറ്റവും ശക്തമായ മുന്നണി യു.ഡി.എഫാണ്. നേതാക്കള്‍ക്കിടയിലെ അനൈക്യമാണ് പല മണ്ഡലങ്ങളിലും യു.ഡി.എഫിനെ ബാധിച്ചത്. പരാജയം യു.ഡി.എഫ് വിശദമായി ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.