മലപ്പുറം: എംഎല്‍എമാരായ കെഎം ഷാജിക്കും എംസി ഖമറുദ്ദീനും എതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‌ലിംലീഗ്. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്നും അതിനെ നേരിടുമെന്നും പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. എല്‍.ഡി.എഫ് നേതൃത്വം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പ്രതിപ്പട്ടിക തയാറാക്കി പൊലീസിന് കൈമാറുകയാണ്. കേസ് കണ്ടു പതറുന്ന പാര്‍ട്ടിയല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്- അദ്ദേഹം വ്യക്തമാക്കി.
‘ പ്രതികാരം ചെയ്യുന്ന രീതിയിലാണ് ഇടതു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കാലാവധി തീരാറായ ഒരു ഗവണ്‍മെന്റ്, കേവലം മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു സര്‍ക്കാറാണ് ഇതു ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഉണ്ടായിട്ടില്ല. യുഡിഎഫ് നേതാക്കന്മാരുടെ പേരില്‍ കേസെടുത്ത് പ്രതികാരം ചെയ്യുകയാണ്. നിങ്ങളുടെ പേരിലും കേസെടുക്കുമെന്ന് പറഞ്ഞ് മുമ്പോട്ടു പോകുകയാണ്. ഇത് ജനങ്ങള്‍ വിലയിരുത്തണം’ – അദ്ദേഹം പറഞ്ഞു.
‘ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേസ് കണ്ട് പതറുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്. ഞങ്ങളുടെ എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് ജനങ്ങള്‍ കാണുന്നുണ്ട്. സ്വര്‍ണക്കടത്ത്, കഞ്ചാവ്, ഡോളര്‍ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആ കേസും ഈ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പൊലീസിന് നിര്‍ദേശം നല്‍കി കേസെടുക്കുകയാണ്. പോണ പോക്കില്‍ യുഡിഎഫിന്റെ ജനപ്രതിനിധികള്‍ക്ക് എതിരെ കേസുണ്ടാക്കുക എന്നു പറഞ്ഞാല്‍ അതു ബാലിശമാണ്. എംസി ഖമറുദ്ദീന്റെയും കെഎം ഷാജിയുടെയും കേസുകള്‍ ചര്‍ച്ച ചെയ്തു. നിയമത്തിന്റെ വഴിക്ക് അതിനെ നേരിടും. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുയാണ്. അതിനെ ഞങ്ങള്‍ നേരിടും. അതില്‍ സംശയം വേണ്ട’ – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.