X

ക്യാപ്റ്റന്മാര്‍ക്കാണ് അമ്പ് കൊണ്ടിരിക്കുന്നത്; സിപിഎമ്മിന്റെ ശക്തി കുറയുന്നു- പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം അവധിയായി കാണുന്നില്ലെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള രാജിയായി കണക്കാക്കുന്നതായും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോടിയേരിയുടെ പാത മുഖ്യമന്ത്രിയും ആരോപണ വിധേയരായ മന്ത്രിമാരും പിന്തുടരേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ ശക്തി കുറഞ്ഞു. ക്യാപ്റ്റന്മാര്‍ക്ക് തന്നെയാണ് അമ്പ് കൊണ്ടിരിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

വലിയ വിവാദങ്ങളാണ് സിപിഎമ്മിനെ പിടികൂടിയിരിക്കുന്നത്. അതില്‍ യാതൊരു സംശയവുമില്ല. സ്വാഭാവികമായ അന്ത്യത്തിലേക്ക് സിപിഎമ്മും ഇടതു സര്‍ക്കാറും പോയ്‌ക്കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ സൂചനയാണ് ഇന്നുണ്ടായ കോടിയേരിയുടെ രാജി- അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ച് സിപിഐഎം സംസ്ഥാനത്ത് നിന്ന് ഇന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചത്. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസുകളാണ് കോടിയേരിയുടെ രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന.

 

Test User: