മലപ്പുറം: സര്‍ക്കാര്‍ പറയുന്നതിനോടൊക്കെ യോജിച്ചാലേ ഫണ്ട് തരൂ എന്നു പറയുന്നത് ശരിയല്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ പൊതുഫണ്ടാണ്. അല്ലാതെ ആരുടെയും പാര്‍ട്ടി ഫണ്ടോ സ്വകാര്യ ഫണ്ടോ അല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡര്‍, ത്രിതല വിധി 2020’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതിപക്ഷ എംഎല്‍എമാര്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുമ്പോള്‍ അവിടെ വികസനം വേണ്ട എന്നു പറയുന്നത് നിരര്‍ത്ഥകമാണ്. സര്‍ക്കാറിന്റേത് പൊതു ഫണ്ടാണ്. അല്ലാതെ പാര്‍ട്ടി ഫണ്ടോ സ്വകാര്യ ഫണ്ടോ അല്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനം ഭരിച്ച സര്‍ക്കാറുകളില്‍ പരാജയപ്പെട്ട സര്‍ക്കാറായി പിണറായി ഗവണ്‍മെന്റ് മാറി. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ പ്രശംസനീയം. ഗവണ്‍മെന്റിന്റേതല്ല. മഞ്ഞുമലയുടെ മുനമ്പേ പുറത്തു വന്നുള്ളൂ. സര്‍ക്കാറിന്റെ എല്ലാ പരിപാടിയിലും കമ്മിഷന്‍ ഇല്ല എന്ന് ആര് കണ്ടു. അഴിമതിയാണ് അഞ്ചു കൊല്ലം പ്രധാനമായും നടന്നിരുന്നത്. അഞ്ചു കൊല്ലത്തെ ബാലന്‍സ് ഷീറ്റ് എടുക്കുമ്പോള്‍ അതാണ് മനസ്സിലാകുന്നത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കിഫ്ബിയുടെ പോരായ്മകള്‍ തുടക്കം മുതല്‍ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കിഫ്ബിക്കെതിരെ ഗൂഢാലോചന ഉണ്ടോ എന്നറിയില്ല. എന്നാല്‍ ഓഡിറ്റില്ലാത്തത് ആദ്യം മുതല്‍ തന്നെ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.