മലപ്പുറം: ജലീല്‍ വിഷയത്തില്‍ സിപിഎം വൈകാരിക മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ് എന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഇപ്പോഴത്തെ വിഷയം വേറെയാണ് എന്നും അതിനു കൃത്യമായി മറുപടി നല്‍കുകയാണ് വേണ്ടത് എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിക്ക് മുതലെടുക്കാന്‍ അവസരം ഒരുക്കി നല്‍കുന്നത് സിപിഎമ്മാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘വിശ്വാസികളുടെ മനസ്സു വേദനിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഓരോ മതവിശ്വാസികളുടെയും വിശുദ്ധഗ്രന്ഥങ്ങള്‍ കൊണ്ടുനടക്കാനും വായിക്കാനും പ്രചരിപ്പിക്കാനും ഒക്കെ സ്വാതന്ത്ര്യമുണ്ട്. അതിപ്പോഴത്തെ സര്‍ക്കാര്‍ കൊടുത്ത സൗജന്യമൊന്നുമല്ല. ഇവിടുന്ന് വിശുദ്ധ ഗ്രന്ഥം പ്രിന്റു ചെയ്ത് മക്കയിലേക്ക് കൊണ്ടു പോകാറുണ്ട്. മക്കയില്‍ നിന്ന് ഹാജിമാര്‍ ഇങ്ങോട്ടും കൊണ്ടുവരാറുണ്ട്. ഇതൊക്കെ എത്രയോ കാലമായിട്ട് ഈനാട്ടിലുള്ള കാര്യങ്ങളാണ്’ – അദ്ദേഹം പറഞ്ഞു.
‘ അത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. ഈ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഇതൊന്നും വിവാദമാക്കേണ്ടതില്ല. ഇതിനു മുമ്പ് സകാത്ത്, കുറച്ചു കഴിഞ്ഞപ്പോള്‍ റമദാന്‍ കിറ്റ്, ഇപ്പോ ഖുര്‍ആന്‍ തന്നെ. ഇത് വേറെയാണ് വിഷയം. ഇതിന് കൃത്യമായി മറുപടി പറയുകയാണ് വേണ്ടത്. അധികാരത്തില്‍ നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിക്ക് പല അജണ്ടകളുണ്ട്. അതില്‍ ഞങ്ങള്‍ വീഴില്ല. സിപിഎമ്മാണ് ഇതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത്. ഡല്‍ഹി കലാപത്തില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തതിനെ ഞങ്ങള്‍ അംഗീകരിച്ചോ? – അദ്ദേഹം ചോദിച്ചു.