X

കരിപ്പൂരില്‍ ലഗേജ് നഷ്ടപ്പെട്ട സംഭവം; ശക്തമായ ഇടപെടലുകളുമായി കുഞ്ഞാലിക്കുട്ടി എം.പി

കോഴിക്കോട്: കരിപ്പൂരില്‍ ലഗേജ് നഷ്ടപ്പെട്ട സംഭവം വ്യോമയാന മന്ത്രാലത്തിന്റെയും, വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ‘എയര്‍ ഇന്ത്യ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാനേജര്‍ ആനന്ദ് ശുഭറാമും, സ്‌റ്റേഷന്‍ മാനേജര്‍ റസ അലി ഖാനും ആയി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ലഗേജ് നഷ്ടപ്പെട്ടത് അറിഞ്ഞ ഉടനെ എയര്‍പോര്‍ട്ട് ഡയറക്ടറോട് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശനത്തിനെത്തിയത്.’ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാനേജര്‍ ആനന്ദ് ശുഭറാമും, സ്‌റ്റേഷന്‍ മാനേജര്‍ റസ അലി ഖാനും ആയി ഇന്ന് കൂടിക്കാഴ്ച്ച നടത്തി. ദുബായില്‍ നിന്നുള്ള യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടത് അറിഞ്ഞ ഉടനെ എയര്‍പോര്‍ട്ട് ഡയറക്ടറോട് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശനത്തിനെത്തിയത്.

ലഗേജ് നഷ്ടപ്പെട്ട പരാതി ഇതാദ്യമല്ല. ഞാന്‍ അധ്യക്ഷനായ എയര്‍പോര്‍ട്ട് ഉപദേശക സമിതിയുടെ ആദ്യ യോഗത്തിലും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ ലഗേജ് നഷ്ടപ്പെട്ട വ്യക്തികളില്‍ ഒരാള്‍ പരാതിയുമായി അന്നെത്തുകയും ചെയ്തിരുന്നു. യോഗത്തില്‍ സംബന്ധിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ട് വരികയും, കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ വീണ്ടുമത് ആവര്‍ത്തിച്ചു.

ലഗേജ് നഷ്ടമാകുന്നത് ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. 24 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് പുറപ്പെടുന്ന ഒരു വിമാനത്തില്‍ നിന്ന് മാത്രമാണ് ലഗേജ് മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇത്തരം മോഷണങ്ങള്‍ സംഭവിക്കാ റില്ലെന്നും അവര്‍ പറയുന്നു. പക്ഷേ പരസ്പര കുറ്റപ്പെടുത്തലുകള്‍ക്കപ്പുറം എന്ത് നടപടിയാണ് ഇനി കൈക്കൊള്ളാനാവുക എന്നതാണ് പ്രസക്തം. മാത്രമല്ല പാസ്‌പോര്‍ട്ട് അടക്കമുള്ളവ നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ച് ലഭിക്കുന്നതിനുള്ള മാര്‍ഗവും കണ്ടെത്തേണ്ടതുണ്ട്.

ദുബായ് പോലീസുമായി ബന്ധപ്പെട്ട് പരാതി നല്‍കുക എന്നതാണ് പോംവഴി. അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് കൊണ്ട് മാത്രം എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്വം തീരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാനെന്ന നിലയിലും, എം പിയെന്ന നിലയിലും ഈ വിഷയം വ്യോമയാന മന്ത്രാലത്തിന്റെയും, വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരും.

chandrika: