X

അവധിക്കാലത്തെ വിമാനടിക്കറ്റ് വിലവര്‍ധന; സഭയില്‍ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് വകുപ്പ് മന്ത്രി നല്‍കിയ മറുപടി

പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക് കുറിപ്പ്:
പ്രവാസികളുടെ എല്ലാകാലത്തുമുള്ള പരാതിയായിരുന്നു അവരുടെ യാത്രാ പ്രശ്‌നങ്ങള്‍. പലഘട്ടങ്ങളിലായി അത്തരം കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അവസരമുണ്ടായിട്ടുണ്ട് .അതിലൊന്നാണ് ഫെസ്റ്റിവല്‍ കാലത്തുള്ള ടിക്കറ്റ് വിലവര്‍ധന. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട എന്റെ ചോദ്യത്തിന് വകുപ്പ് മന്ത്രി സഭയില്‍ നല്‍കിയ മറുപടിയുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു.

കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതലാണന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം. കരിപ്പൂരില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കില്‍ ഉല്‍സവകാലത്തും അവധിക്കാലത്തുമുണ്ടാവുന്ന അനിയന്ത്രിതമായ നിരക്ക് വര്‍ധനയെ പറ്റിയുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് ശരാശരിയേക്കാള്‍ ഉയരാറുണ്ടെന്ന് സമ്മതിച്ചത്. വിമാന കമ്പനികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശരാശരി നിരക്കില്‍ ചെറിയ തോതിലുള്ള വര്‍ധനവുണ്ടാവാറുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കമ്പോള ശക്തികളായ സംഭരണവും ആവശ്യവുമാണ് നിരക്ക് വര്‍ധനവിന് കാരണമായി മന്ത്രാലയം ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ജെറ്റ് എയര്‍വേഴ്‌സ് സര്‍വ്വീസ് നിര്‍ത്തിയതും, ബോയിംഗ് 737 വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയാതിരുന്നതും നിരക്ക് വര്‍ധനക്ക് കാരണമായിരുന്നതായും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി നല്‍കിയ മറുപടിയില്‍ പറയുന്നു. വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കഴിയുന്ന തരത്തില്‍ 2018 ഡിസംബറില്‍ കരിപ്പൂര്‍ വിമാനത്താവളം സജ്ജമാക്കിയത് സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള സാഹചര്യമൊരുക്കിയതായും മറുപടിയിലുണ്ട്. കരിപ്പൂരില്‍ ജെറ്റ് എയര്‍വേഴ്‌സിന് അനുവദിച്ചിരുന്ന ട്രാഫിക്ക് അവകാശങ്ങള്‍ മറ്റൊരു ഇന്ത്യന്‍ വിമാന കമ്പനിക്ക് നല്‍കിയതായും അവര്‍ ഉടന്‍ തന്നെ അവിടുന്ന് സര്‍വ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിമാന കമ്പനികളോട് പരമാവധി നിരക്ക് കുറക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ടന്നും മറുപടിയില്‍ പറയുന്നു.

web desk 1: