X
    Categories: CultureMoreViews

അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താല്‍ തടയുന്നതില്‍ പരാജയപ്പെട്ട പൊലീസും ഇന്റലിജന്‍സും ഹര്‍ത്താല്‍ കഴിഞ്ഞ ശേഷം നിരപരാധികളെ അറസ്റ്റ് ചെയ്യുകയാണെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും പത്രസമ്മേളനത്തില്‍ പറഞ്ഞു. അപ്രഖ്യാപിത ഹര്‍ത്താലിന്റെ പിന്നില്‍ ആര്‍.എസ്.എസ് അനുഭാവികളാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഈ വിഷയം ഗൗരവമായി കണ്ട് ശരിയായ അന്വേഷണം നടത്തണം. അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കാം, എന്നാല്‍ നിരപരാധികളെ അറസ്റ്റു ചെയ്യുകയാണ് പൊലീസ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും പലരും കഠ്‌വ പെണ്‍കുട്ടിയുടെ പേര് പറയുന്നു. എന്നാല്‍ അവര്‍ക്കെതിരെയൊന്നും പോക്‌സോ ചുമത്താതെ ബാനര്‍ പിടിച്ചു പ്രകടനം നടത്തിയവര്‍ക്കെതിരേ മാത്രം പൊലീസ് പോക്‌സോ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്,ചിലരെ കരുതല്‍ തടവില്‍ വെച്ചിട്ടുണ്ടെന്നും അതു പരിശോധിക്കാമെന്നു ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇല്ലെങ്കില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ കുറിച്ചു അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

താനൂരില്‍ ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ടിന്റെ കടയടക്കം അക്രമിക്കപ്പെട്ടിട്ടുണ്ട്, കെ.ആര്‍ ബേക്കറി അക്രമിക്കപ്പെട്ടത് മാത്രം ഉയര്‍ത്തിക്കാട്ടി അക്രമത്തിന് സാമുദായിക നിറം നല്‍കാന്‍ ഇടതുപക്ഷവും ചില മന്ത്രിമാരും ശ്രമിക്കുകയാണെന്നും ഇതു നിരുത്തരവാദിത്വപരമായ സമീപനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹര്‍ത്തിലിനെതിരേ നേരത്തെ തന്നെ ലീഗ് നിലപാടെടുത്തിരുന്നു. സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം പരാജയപ്പെട്ടത് ലീഗിന്റെ ഇടപെടല്‍ കൊണ്ടാണ്. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ നോക്കിയല്ല പല അറസ്റ്റും നടത്തിയത്. താനൂരിലെ കെ.ആര്‍ ബേക്കറി കുത്തിപൊളിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നാട്ടിലെ സി.പി.എം പ്രവര്‍ത്തകനാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതോടെ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമങ്ങള്‍ തടയാതെ അക്രമത്തിന്റെ പേരില്‍ നിരപരാധികള്‍ക്കെതിരേ കേസെടുക്കുകയാണ് ചെയ്യുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രശ്‌നങ്ങളുള്ള താനൂരില്‍ മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്നു പൊലീസ് സ്‌റ്റേഷന്റെ അടുത്തുള്ള കെ.ആര്‍ ബേക്കറി തകര്‍ത്തതില്‍ നിന്നും വ്യക്തമാണെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വി.കെ ഇബ്രാഹീം കുഞ്ഞ്, എം.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: