മലപ്പുറം: മോദി രാജ്യത്ത് നടപ്പിലാക്കുന്നത് വര്‍ഗീയ അജണ്ടയാണെന്നും കന്നുകാലികളുടെ വില്‍പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഏകപക്ഷീയ വിജ്ഞാപനം ഇതിന് വ്യക്തത നല്‍കുന്നതാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയും കര്‍ഷകരോടുള്ള യുദ്ധ പ്രഖ്യാപനവുമാണ് മോദിയുടേത്. ഒരോ ദിവസം ഒരോ നിയമങ്ങള്‍ ആരോടും ചോദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരികയാണ്. ഇതു തന്നെയാണ് ഫാസിസം. നോട്ടു നിരോധനവും ഇത്തരത്തിലൊരു നിലപാടായിരുന്നു. ഇതിനെതിരെ ശക്തമായ ബദല്‍ രൂപപ്പെടേണ്ടത് അനിവാര്യമാണ്.
ജനങ്ങള്‍ എന്തു ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഭരണാധികാരികളല്ല. ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും വ്യവസ്ഥാപിതമായ അധികാരങ്ങളുണ്ട്. ഈ അധികാരങ്ങളെ പരസ്പരം മാനിക്കണം. പൗരന്റെ മൗലികാവകാശങ്ങളിലേക്കും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുമുള്ള മോദി സര്‍ക്കാറിന്റെ കടന്നു കയറ്റം അനുവദിക്കാനാവില്ല. കന്നുകാലി വില്‍പന നിരോധനം അശാസ്ത്രീയമാണെന്ന് വ്യക്തമായിട്ടും രാഷ്ട്രീയ മുതലെടുപ്പിന് ആയുധമാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതോപാധികൂടിയാണ് കന്നുകാലി കച്ചവടവും മാംസ വില്‍പനയും. ഇത് നിരോധിക്കുന്നതോടെ ഇവര്‍ തൊഴില്‍ രഹിതരായി മാറും. രാജ്യത്ത് ഒരു നിയമം നടപ്പിലാക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് വ്യക്തമായ ബോധ്യം ഭരണകൂടങ്ങള്‍ക്കുണ്ടായിരിക്കണം. മൃഗങ്ങളോടുള്ള ക്രൂരത പല രംഗത്തും നടന്ന് കൊണ്ടിരിക്കുന്നുണ്ട്. കാലികളെ കശാപ്പു ചെയ്യുന്ന കാര്യത്തിലും കൈകാര്യം ചെയ്യുന്ന രീതിയിലുമെല്ലാം പരിഷ്‌കാരങ്ങളാവാം. ഇതെല്ലാം കൂട്ടായ ചര്‍ച്ചയിലൂടെ നടപ്പിലാക്കാവുന്നതാണ്. എന്നാല്‍ പുതിയ തീരുമാനത്തിനു പിന്നില്‍ മൃഗ സ്്‌നേഹവും പരിസ്ഥിതി സംരക്ഷണവുമല്ല. വളഞ്ഞ വഴിയിലൂടെ ലക്ഷ്യം നിറവേറ്റുകയാണ്.
മോദി സര്‍ക്കാറിന്റെ ഇത്തരം ഏകപക്ഷീയ നീക്കങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയാണ് ഡല്‍ഹിയല്‍ സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗം. എല്ലാ കക്ഷികളുംഗൗരവകരമായാണ് ഈ വിഷയങ്ങളെ കാണുന്നത്. ബി.ജെ.പിക്കെതിരായ ബദലായി ഇത് ഉയര്‍ന്നുവരും- അദ്ദേഹം പറഞ്ഞു.