X

‘പാലായിലെ കണ്‍ഫ്യൂഷന്‍ മഞ്ചേശ്വരത്തില്ല’: ജനഹിതം യു.ഡി.എഫിനൊപ്പമെന്ന് കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനെ പാലായോട് താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാലായിലെ കണ്‍ഫ്യൂഷന്‍ മഞ്ചേശ്വരത്തില്ല. അവിടെത്തെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. മഞ്ചേശ്വരത്ത് യു.ഡി.എഫിനാണ് ജനപിന്തുണ. ദേശീയ സംസ്ഥാന സര്‍ക്കാറുകളുടെ കൊള്ളരുതായ്മകളില്‍ മനംമടുത്ത ജനങ്ങള്‍ യു.ഡി.എഫില്‍ മാത്രമെ വിശ്വാസമുള്ളൂ. ആ വിശ്വാസം മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് പ്രധാന എതിരാളി. കാലങ്ങളായി എല്‍.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്. പെരിയ ഇരട്ടക്കൊലക്കേസ് ഉള്‍പ്പടെയുള്ള വിഷയങ്ങളും സ്വാഭാവികമായും പ്രചാരണ വിഷയമാകും. അതൊക്കെ ജനങ്ങള്‍ക്കറിയാമെന്നും ജനഹിതം യു.ഡി.എഫിനൊപ്പമായിരിക്കുകമെന്നും വന്‍ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ഒപ്പമുണ്ടായിരുന്നു.

chandrika: