ന്യുഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിമേതര ന്യുനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി ലോക്‌സഭയില്‍ രംഗത്തെത്തി. മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉള്‍കൊള്ളുന്ന ബില്ല് സഭയില്‍ പാസ്സാക്കരുതെന്ന് അദ്ദേഹം സര്‍ക്കാറിനോടാവശ്യപ്പെട്ടു. മുസ്‌ലിം വിരുദ്ധ ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണന്നും ബില്ല് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണന്നുമദ്ദേഹം ആരോപിച്ചു.
പൗരത്വ ഭേദഗതി ബില്ലിലൂടെ ആഭ്യന്തര വകുപ്പ് വിവേചനത്തെ നിയമ വിധേയമാക്കാനാണ് ശ്രമിക്കുന്നത് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ലേക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത, ഹിന്ദു മുസ്‌ലിം പരിഗണനകള്‍ക്കതീതമായി തുല്ല്യ പരിഗണനയും സ്ഥാനവുമാണ് ഭരണഘടന രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്നത്. ഭരണഘടനയുടെ ആദ്യ ഭേദഗതി പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ളതായിരുന്നു. എന്നാല്‍ വിവേചനത്തെ നിയമ വിധേയമാക്കാനാണ് ഇന്ന് ഭരണഘടനയെ ദേദഗതി ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ബില്ല് അവതരിപ്പിക്കപ്പെട്ട ഇന്ന് മതേതര ഇന്ത്യയുടെ ചരിത്രത്തിലേ കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടും. തെരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള അവസരങ്ങള്‍ നോക്കി നടക്കുകയാണ് സര്‍ക്കാര്‍. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പടുത്താനുള്ള ബില്ല് കൊണ്ടുവരാനുള്ള നീക്കമടക്കം അതിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ എവിടെയായിരുന്നെന്നും വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഇത്തരം നിയമങ്ങള്‍ മതിയായ ചര്‍ച്ച പോലും സാധ്യമാക്കാതെ പെട്ടെന്ന് പാസാക്കിയെടുക്കുന്നത് ശരിയല്ലന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ല് നിയമപരമായി നിലനില്‍ക്കില്ല. അടിസ്ഥാനപരമായി ബില്ല് ഭരണഘടനയുടെ അനുഛേദം 14 ന്റെ ലംഘനമാണ്. അസം വിദ്യാര്‍ത്ഥി യൂണിയനുമായി കേന്ദ്ര ഗവണ്‍മെന്റ് ഒപ്പിട്ട അസം കരാര്‍ പ്രകാരം പരിഹരിക്കപ്പെട്ട പ്രശ്‌നത്തെ ബില്ല് കൊണ്ടുവന്നതിലൂടെ വീണ്ടും സജീവമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് രാഷ്ട്രത്തെ കബളിപ്പിക്കാനുള്ള ബിജെപിയുടെ മറ്റൊരു നീക്കം മാത്രമായേ കാണാനാവൂ. മുസ്‌ലിംലീഗ് പാര്‍ട്ടി ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒന്നിനു പുറമേ മറ്റൊന്നായി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് ബിജെപി. ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ക്കൊന്നും വരാന്‍ പോവുന്ന തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് ബിജെപിയെ രക്ഷിക്കാനാവില്ലന്നും പ്രതിപക്ഷ നിരയില്‍ നിന്നുയര്‍ന്ന ഹര്‍ഷാരവങ്ങള്‍ക്കിടെ കുഞ്ഞാലിക്കുട്ടി കുട്ടിച്ചേര്‍ത്തു.