X
    Categories: Views

ഫാസിസത്തിനെതിരെ രാജ്യം ഉണര്‍ന്നു കഴിഞ്ഞു

പി.കെ കുഞ്ഞാലിക്കുട്ടി
ബി ജെ പി ഭയന്നു തുടങ്ങിയിരിക്കുന്നു. ജനാധിപത്യം അതിന്റെ ചങ്ങല കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യാ രാജ്യത്ത് വീണ്ടും ശക്തി പ്രാപിക്കുകയാണ്. ഇരുട്ട് കൊണ്ട് ഓട്ടയടച്ച് ഒരു ജനതയെ എന്നും അന്ധകാരത്തിലാഴ്ത്താന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നതാണ് ഇവിടെ തെളിഞ്ഞു വരുന്നത്.
നോട്ട് നിരോധനം, കന്നുകാലി വില്‍പന നിയന്ത്രണം, ചരിത്രത്തെ വളച്ചൊടിക്കല്‍, വിവേക ശൂന്യമായ ജി എസ് ടി നടപ്പാക്കല്‍ എന്നിവ രാജ്യത്തിന്റെ പ്രതിച്ഛായയെ രാജ്യാന്തര തലത്തില്‍ വികലമാക്കിയിരിക്കുന്നു. ഒപ്പം ഭ്രാന്തന്‍ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ ഓരോ പൗരനേയും അസ്വസ്ഥനാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ, ക്യാഷ്‌ലെസ് ഇന്ത്യ എന്നിവ വാക്കുകളില്‍ മാത്രം ഒതുങ്ങി.
ജനങ്ങള്‍ അകലുന്നുവെന്ന് ഭയം ബി ജെ പിയെ ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുന്നു. പണം നല്‍കി മറ്റ് പാര്‍ട്ടി നേതാക്കളെ വിലക്കെടുക്കുന്ന കാഴ്ച നമ്മള്‍ ഗുജറാത്തില്‍ കണ്ടു. ബിഹാറിലും ജനങ്ങള്‍ മഹാസഖ്യത്തെ പിന്നില്‍ നിന്ന് കുത്തിയ നിതീഷ് കുമാര്‍ ബി ജെ പി കൂട്ടുകെട്ടിനെതിരെ അണിനിരന്നു കഴിഞ്ഞു. മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭകര്‍ ഉയര്‍ത്തിയ രോഷം കത്തിപ്പടരുകയാണ്. പഞ്ചാബിലെ ലോകസഭാ ഉപ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളും ജനങ്ങള്‍ അവരെ വെറുത്തുവെന്നതിന്റെ തെളിവാണ്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമായി കേരളത്തില്‍ അടുത്തിടെ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി യുടെ വോട്ടുകളിലുണ്ടായ ഗണ്യമായ കുറവ് ഈ സൂചന തന്നെയാണ് കാണിക്കുന്നത്. ഇവിടങ്ങളില്‍ മാത്രമല്ല, രാജ്യത്തെ ഓരോ സംസ്ഥാനത്തും ബി ജെ പി വിരുദ്ധ തരംഗം ആഞ്ഞു വീശുകയാണ്.
പൗഡറും, ക്രീമും പൂശി മുഖം മിനുക്കി ഇന്ത്യ തിളങ്ങുന്നുവെന്ന് ഇനി അധികാലം ബി ജെ പിക്ക് വീന്പ് പറയാനാകില്ല. ജനങ്ങള്‍ സത്യം മനസിലാക്കിയിരിക്കുന്നു. ശ്രീ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ ഗുജറാത്തില്‍ ആരംഭിച്ച മോദി വിരുദ്ധ വികാരം രാജ്യം മുഴുവന്‍ ആളിപടരുകയാണ്. താജ്മഹലിന്റെ ചരിത്രം വളച്ചൊടിച്ചോ, സിനിമയിലെ ബി ജെ പി വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വാളെടുത്തോ ഇനിയും നിങ്ങള്‍ക്ക് ജനശ്രദ്ധ തിരിച്ചു വിടാനാകില്ല.
ഫാസിസത്തിനെതിരെ രാജ്യം ഉണര്‍ന്നു കഴിഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സമയത്തടക്കം പലവട്ടം യു ഡി എഫ് നേതാക്കള്‍ പ്രഖ്യാപിച്ച പ്രതിപക്ഷ ഐക്യവും യാഥാര്‍ഥ്യമാവുകയാണ്. നമ്മുക്ക് കാത്തിരിക്കാം പുതിയൊരു ഇന്ത്യക്കായി.

chandrika: