X

വേങ്ങര ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന്റെ പ്രതികരണം പരാജയം മുന്നില്‍കണ്ട്: പി.കെ കുഞ്ഞാലിക്കുട്ടി

വേങ്ങര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ ഇടതുപക്ഷം ധൈര്യം കാണിക്കാത്തത് പരാജയം മുന്നില്‍ കണ്ടാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാറിനെ വിലയിരുത്തിയാല്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാവും കിട്ടുകയെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് പറഞ്ഞു. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ല എന്ന കൊടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തെ സംബന്ധിച്ച് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനം മോശമാണെന്ന് പറഞ്ഞ പ്രതിപക്ഷം കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒപ്പമെത്തി. വേങ്ങരയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുക മാത്രമാണ് ലക്ഷ്യം.
20ന് രാവിലെയോ അതിനു മുമ്പോ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഉണ്ടാകും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സൗകര്യം നോക്കിയാണ് പ്രഖ്യാപിക്കുക. കെ.എം മാണി യു.ഡി.എഫിലേക്ക് വരുന്നുവെന്ന സൂചനയെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്ലകാര്യം എന്നായിരുന്നു പ്രതികരണം. അവര്‍ക്ക് സ്വതന്ത്ര നിലപാടാണ് ഇപ്പോള്‍. വേങ്ങരയില്‍ യു.ഡി.എഫ് പ്രചാരണത്തിന് വരുമോ എന്ന് നോക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

chandrika: