സ്വന്തം ലേഖകന്‍
പാലക്കാട്: ഭരണ മേഖലയില്‍ ഫാസിസ്റ്റ് ചിന്താഗതിയുള്ളവര്‍ സ്ഥാനം പിടിച്ചിരിക്കുന്നതായി മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമകാലിക അന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും മതേതര സംവിധാനവും തകര്‍ക്കപ്പെടുമോ എന്ന ഭയം പിടികൂടിയിരിക്കുന്നു.
മതങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള തീവ്രവാദവും ഫാസിസവുമാണ് ലോകത്തിന് ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മുസ്്‌ലിംലീഗ് കമ്മിറ്റി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച പാണക്കാട് ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
രണ്ടാം ലോക മഹായുദ്ധത്തോടെ ലോകത്ത് നിന്നും ഇല്ലാതായി എന്ന് കരുതിയ ഫാസിസവും മതതീവ്രവാദവും തിരിച്ചുവരികയാണ്. ഇതിനെതിരെ മാനവികസമൂഹത്തിന്റെ കൂട്ടായ്മ അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ പാണക്കാട് ശിഹാബ് തങ്ങളുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്്. ശിഹാബ് തങ്ങളെ പോലുള്ള ഒരു പ്രതിഭാസം ഇന്ത്യയില്‍ മുമ്പുണ്ടായിട്ടില്ല.
ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. വളര്‍ന്നു വരുന്ന തലമുറക്ക് തങ്ങളുടെ ജീവിതം പഠനവിഷയമാണ്. അവിസ്മരണീയവും വിലമതിക്കാനുമാവാത്ത കാര്യങ്ങള്‍ അര്‍പിച്ചുകൊണ്ടാണ് തങ്ങള്‍ ഈ സമൂഹത്തോട് വിടപറഞ്ഞിരിക്കുന്നത്. ലോകമൊട്ടുക്കും തങ്ങളെ പഠനവിധേയമാക്കിയിരിക്കുകയാണ്. കേരളത്തിനും ഇന്ത്യക്കും തങ്ങളുടെ നേതൃപാടവം റോള്‍മോഡലാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ജനഹൃദയങ്ങളിലുള്ള സജീവമായ ഓര്‍മകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്മാരകമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു.