കല്‍പ്പറ്റ: ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ പോലും സാമുദായിക വികാരമുണ്ടാക്കുന്ന സംഘപരിവാരങ്ങളെ കയറൂരി വിടുന്ന കേന്ദ്രഭരണകൂടവും ഇതിനെതിരെ സംസാരിച്ചാല്‍ പറഞ്ഞാല്‍ യു.എ.പി.എ ചുമത്താന്‍ മത്സരിക്കുന്ന സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുെന്നന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യാ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് റേഷന്‍ അരിപോലും ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടിപ്രവര്‍ത്തകര്‍ തമ്മില്‍ നടത്തുന്ന വഴക്കുകള്‍ ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രതിനിധി സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജനാധിപത്യമര്യാദയും പാലിക്കാതെയാണ് മോദി കേന്ദ്രഭരണം കയ്യാളുന്നത്. നോട്ട് പ്രതിസന്ധിയില്‍ സാധാരണക്കാരും പാവപ്പെട്ടവരും ദുരിതമനുഭവിക്കുമ്പോഴും വീണ്ടുവിചാരത്തിനോ തെറ്റുതിരുത്താനോ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. അധികാരത്തിലെത്തിയതിന് ശേഷം വികസന കാര്യത്തില്‍ ഇടതുസര്‍ക്കാര്‍ മുടന്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലേറി ഏഴ് മാസമായിട്ടും വികസനവിഷയങ്ങളില്‍ ഒരു നയം പോലും രൂപീകരിക്കാന്‍ ഇടതുസര്‍ക്കാരിനായില്ല. അവര്‍ക്ക് വിഷയം മറ്റ് പല കാര്യങ്ങളിലുമാണ്.
പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ടായിട്ടും വ്യക്തിപരമായി ആരോപണപ്രത്യാരോപണങ്ങളുന്നയിക്കുന്നതും വഴക്കുണ്ടാക്കുന്നതും ജനങ്ങളില്‍ തെറ്റായ സന്ദേശമുണ്ടാക്കും. പൊതുജനങ്ങള്‍ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലും മുസ്്‌ലിംലീഗിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടന്നുവരികയാണ്.
അവശ പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് വന്‍മുന്നേറ്റമുണ്ടാക്കാനും പിന്നാക്ക പ്രദേശങ്ങളുടെ മുഖഛായ മാറ്റാനും ലീഗ് നടത്തിയ ശ്രമങ്ങള്‍ പൊതുസമൂഹം അംഗീകരിച്ച് കഴിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, സെക്രട്ടറി ടി.മുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സംസാരിച്ചു. പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ മണ്ഡലത്തില്‍ 50 തടയണകള്‍ നിര്‍മ്മിക്കാന്‍ പ്രതിനിധി സമ്മേളനം തീരുമാനിച്ചു.