X

കോഴിക്കോട് വിമാനത്താവളത്തിനും ഇന്ധന നികുതി ഇളവ് വേണം; പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും നല്‍കണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുന്നു.

മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട്
കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ  പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

കണ്ണൂര്‍ വിമാനത്തവളത്തിന് മാത്രമായി ഇന്ധന നികുതി 28ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറച്ചത് കേരളത്തിലെ മറ്റുവിമാനത്തവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല, ആയതിനാല്‍ പ്രസ്തുത ആനുകൂല്യം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവളത്തിന് കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉന്നതതലങ്ങളില്‍ വിവിധ ഇടപെടലുകള്‍ നടത്തി തീവ്രശ്രമം നടത്തിവരികയാണ്. ഇതില്‍ ഒട്ടേറെ വിജയവും ഉണ്ടായിട്ടുണ്ട്. ഈഅവസരത്തിലാണ് സംസ്ഥാന സര്‍ക്കാറില്‍നിന്നും ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി നിവേദനത്തില്‍പറയുന്നു.

കണ്ണൂര്‍ വിമാനത്തവളം പൊതുസ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കരിപ്പൂര്‍ പൂര്‍ണമായും പൊതുമേഖലയിലുള്ളതാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ഏതുവിധേനയും സംരക്ഷിച്ചു നിര്‍ത്തേണ്ടത് പൊതുനയമായതിനാല്‍ നികുതിയിളവ് നല്‍കാന്‍ ഇടപെടലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിന് നല്‍കിയ നികുതിയിളവ് അടുത്ത പത്തുവര്‍ഷത്തേക്ക് കരിപ്പൂര്‍ വിമാനത്താവളത്തിനുകൂടി നല്‍കണമെന്നാണ്‌
മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍  പി.കെ കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടത്.

chandrika: