X

പെഹ്‌ലു ഖാനെതിരെ പോലീസ് കേസ്; സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കുഞ്ഞാലിക്കുട്ടി എം.പി കത്തയച്ചു

കോഴിക്കോട്: രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ പെഹ് ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേര്‍ത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് കത്തയച്ചു. രാജ്യമാകെ ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇരകള്‍ക്കെതിരെ കേസെടുക്കാനല്ല അക്രമകാരികളെ പിടികൂടാനും, നിയമത്തിന് മുന്നിലെത്തിക്കാനുമാണ് ശ്രമിക്കേണ്ടത്. ഗവര്‍മെണ്ടുകള്‍ മാറിയാലും ഉദ്യോഗസ്ഥ, പോലീസ് മേധാവികളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതിന്റെ തെളിവാണിത്. ഇതിന് മാറ്റം വരാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അത്തരമൊരു തീരുമാനം രാജ്യത്തിന്റെ ബഹുസ്വരതയിലും ,സഹവര്‍തിത്വത്തിലും, നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1995 ല്‍ നിലവില്‍ വന്ന രാജസ്ഥാനിലെ മൃഗങ്ങളെ കൊല്ലലും, താല്‍കാലിക കയറ്റുമതിയും തടയുന്ന നിയമത്തിന്റെ 5,8,9 സെക്ഷനുകള്‍ പ്രകാരമാണ് പെഹ് ലു ഖാനും, രണ്ട് മക്കള്‍ക്കും, മറ്റ് ചിലര്‍ക്കുമെതിരെ കോണ്‍ഗ്രസ് ഗവര്‍മെണ്ട് അധികാരമേറ്റെടുത്ത ഉടനെ ഡിസംബര്‍ 30 ന് ചാര്‍ജ് ഷീറ്റ് നല്‍കിയത്.

കത്തിന്റെ പൂര്‍ണ രൂപം താഴെ ചേര്‍ക്കുന്നു

ബഹുമാന്യനായ ശ്രീ അശോക് ഹെലോട്ട്ജി,
ദളിത് ,മുസ്‌ളീം സമുദായങ്ങള്‍ക്കെതിരെ ഗോ സംരക്ഷണത്തിന്റെ പേരില്‍ നടന്നുവരുന്ന കൊലപാതകങ്ങളും,അതിക്രമങ്ങളും രാജ്യത്തെമ്പാടുമുളള മതേതര സമൂഹത്തിനിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണല്ലോ. 2014ല്‍ ബി.ജെ.പി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം ആരംഭിച്ച ഈ അക്രമങ്ങള്‍ ഇപ്പോഴും നിര്‍ബാദം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.ഇത്തരത്തിലുളള ഒരു ക്രൂരമായ കൊലപാതകത്തിന്റെ ഇരയായിരുന്ന പെഹലു ഖാനും അദ്ദേഹത്തിന്റെ രണ്ടു മക്കളും മറ്റു ചിലര്‍ക്കുമെതിരെ പശുകടത്തലിന്റെ പേരില്‍ കുറ്റപ്പത്രം സമര്‍പ്പിക്കപ്പെട്ട വാര്‍ത്ത നാം ദേശീയ മാധ്യമങ്ങളില്‍ വായിക്കുകയുണ്ടായി.1995 ലെ രാജസ്ഥാന്‍ ബൊവിനി മൃഗ നിയമം (മൃഗങ്ങളെ കൊല്ലലും താത്ക്കാലിക കയറ്റുമതിയും) സെക്ഷന്‍ 5,8,9 പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം 2018 ഡിസംബര്‍ 30 നാണ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിട്ടുളളത്.മുന്‍ കാലങ്ങളില്‍ പെഹ് ലുഖാന്റെ രണ്ട് സഹായികള്‍ക്കെതിരെ ബി ജെ പി ഗവണ്‍മെന്റ് ഇതേ പോലുളള ചാര്‍ജ് ഷീറ്റ് ചുമത്തിയിരുന്നു. എന്നാല്‍ ഒരു ക്ഷീരകര്‍ഷകനെതിരെ ഇത്രയും ഗുരുതരമായ കുറ്റാരോപണം ഈ ഗവണ്‍മെന്റില്‍ നിന്ന് പ്രതീക്ഷിച്ചതല്ല. നിരപരാധികളെ ശിക്ഷിക്കുന്നതിന് പകരം കുറ്റവാളിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനാണ് ഗവണ്‍മെന്റ് ശ്രദ്ധിക്കേണ്ടത്.

ഗവര്‍മെണ്ടുകള്‍ മാറിയാലും ഉദ്യോഗസ്ഥ ,പോലീസ് മേധാവികളുടെ മനോഭാവത്തില്‍ മാറ്റം വരുന്നില്ല എന്നതിന്റെ കൃത്യമായ സൂചനയാണ് ഈ സംഭവം. ഇരകള്‍ക്ക് നീതി ലഭിക്കാനും, പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാനും ആവശ്യമായ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഈ വിഷയത്തില്‍ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അനുകൂലമായ ഇടപെടലുകള്‍ രാജ്യത്തിന്റെ ബഹുസ്വരതയിലും, സഹവര്‍ത്തിത്വത്തിലും, നിയമ വ്യവസ്ഥയിലും വിശ്വാസമര്‍പ്പിക്കുന്ന എല്ലാവര്‍ക്കും അങ്ങേയറ്റത്തെ ആത്മവിശ്വാസം നല്‍കും.

നന്ദിപൂര്‍വ്വം…
പി കെ കുഞ്ഞാലിക്കുട്ടി എം പി
ദേശീയ ജനറല്‍ സെക്രട്ടറി
ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ്.

chandrika: