X

സോളാര്‍ റിപ്പോര്‍ട്ട് മല എലിയെ പ്രസവിച്ചപോലെയെന്ന് കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത് മല എലിയെ പ്രസവിച്ചപോലെയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഒന്‍പതാം തിയതി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമ്പോള്‍ എന്തോ വലുത് സംഭവിക്കാന്‍ പോകുന്നുവെന്ന നിലയിലായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചരണം. എന്നാല്‍ ഒരു കത്തും പലപ്പോഴായി മാറ്റി മാറ്റി പറഞ്ഞ മൊഴിയും ആവര്‍ത്തിക്കുന്നതല്ലാതെ, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. കമ്മീഷന്റേതായ കണ്ടെത്തലുകളോ തെളിവുകളോ റിപ്പോര്‍ട്ടില്‍ ഇല്ല. നേരത്തെ നിശ്ചയിച്ച ടേംസ് ഓഫ് റഫറന്‍സില്‍ നിന്ന് സൗകര്യപ്രദമായത് മാത്രം കമ്മീഷന്‍ എടുക്കുകയായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് 2005 മുതലുള്ള കേസുകളെല്ലാം അന്വേഷിക്കുമെന്നും ടേംസ് ഓഫ് റഫറന്‍സില്‍ ഉണ്ടായിരുന്നു. എന്നാല്‍ സോളാര്‍ റിപ്പോര്‍ട്ടില്‍ ആ ഭാഗം തൊട്ടിട്ടേയില്ല. അതേ പഴയ കത്തും അതേ വര്‍ണനയും മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അന്നത്തെ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതിനും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനും പണം ചെലവായെന്ന മറുപടിയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികകേസ് കൊണ്ടുവരാന്‍ വേണ്ടി ഇതു സംബന്ധിച്ച ആരോപണങ്ങളെ അഴിമതി കേസുമായി ബന്ധിപ്പിച്ചിരിക്കുന്നു. അച്ഛനെന്നും അമ്മാവനെന്നും മുത്തച്ഛനെന്നും പറഞ്ഞവര്‍ തന്നെ പീഡിപ്പിച്ചുവെന്നും പറയുന്നു. അതുമാത്രമാണ് വിശ്വാസത്തിലെടുത്തിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ പേരിലുള്ള ചര്‍ച്ച ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നതാണ്. കമ്മീഷന് പോലും കണ്ടെത്താനാകാത്ത തെളിവുകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നേതാക്കള്‍ ടെലിഫോണില്‍ സംസാരിച്ചുവെന്നതാണ് തെളിവായി പറയുന്നത്. ടെലിഫോണ്‍ സംഭാഷണം നടത്തിയത് പീഡനമാകില്ല. എല്‍.ഡി.എഫിന് രാഷ്ട്രീയ ആയുധമാക്കാനുള്ളതൊന്നും സോളാര്‍ റിപ്പോര്‍ട്ടിലില്ല. അധികംവൈകാതെ തന്നെ റിപ്പോര്‍ട്ടില്‍ ഒന്നുമില്ലെന്ന് തെളിയും. റിപ്പോര്‍ട്ടിന്റെ പേരില്‍ യു.ഡി.എഫ് നേതാക്കളെ കുറച്ചു ബുദ്ധിമുട്ടിക്കാം. അവരുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം. കുറച്ചുനാള്‍ വാര്‍ത്തയായി നിലനിര്‍ത്താമെന്നതല്ലാതെ ഈ റിപ്പോര്‍ട്ട് കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല. യു.ഡി.എഫ് യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളോട് വിശദീകരിക്കും. യു.ഡി.എഫിന് ഭയപ്പെടേണ്ടതായി യാതൊന്നുമില്ല. റിപ്പോര്‍ട്ട് കൊണ്ടൊന്നും യു.ഡി.എഫിനെ തകര്‍ക്കാന്‍ കഴിയില്ല. അന്തരീക്ഷം മലിനപ്പെടുത്താമെന്നല്ലാതെ സര്‍ക്കാര്‍ നടപടി കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

chandrika: