X

സാമ്പത്തിക സംവരണം; പാര്‍ലമെന്റില്‍ ജുംലാ സ്‌ട്രൈക്കുമായി പി.കെ കുഞ്ഞാലിക്കുട്ടി എംപി

കോഴിക്കോട്: രാജ്യത്തെ ജനകോടികളുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്ത് ഭരണഘടനയെ നോക്കു കുത്തിയാക്കി ഭൂരിപക്ഷ പിന്തുണയോടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുമായി മുസ്്‌ലിം ലീഗ് എം.പിമാര്‍. ലോക്‌സഭയില്‍ മുസ്്‌ലിം ലീഗ് എം.പിമാരായ ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബും നിലപാടിലൂടെ ശക്തമായ ശബ്്ദമായി.

മുസ്്‌ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉള്‍കൊള്ളുന്ന പൗരത്വ ഭേതഗതി ബില്ല് സഭയില്‍ പാസ്സാക്കിയെങ്കിലും ഇക്കാര്യത്തില്‍ മുസ്്‌ലിം ലീഗ് ലോക്‌സഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകളും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും ദേശീയ മാധ്യമങ്ങള്‍ പോലും വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സാമ്പത്തിക സംവരണത്തിനായി തിടുക്കപ്പെട്ട് ഭരണഘടനാ ഭേതഗതിക്ക് ശ്രമിച്ചപ്പോള്‍ പിന്നോക്ക ന്യൂനപക്ഷ ദളിത് ആദിവാസി സമൂഹങ്ങളെ കയ്യും കാലും കെട്ടിയിട്ട് ആക്രമിക്കുന്നതിന് സാക്ഷിയായപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന എതിര്‍ ശബ്ദങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ എവിടെയായിരുന്നെന്നും വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഇത്തരം നിയമങ്ങള്‍ മതിയായ ചര്‍ച്ച പോലും സാധ്യമാക്കാതെ പെട്ടന്ന് പാസാക്കിയെടുക്കുന്നത് ശരിയല്ലന്ന കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച ശബ്ദം ലോക്‌സഭയില്‍ മൂന്ന് എതിര്‍ വോട്ടുകളില്‍ ഒതുങ്ങിയെങ്കിലും രാജ്യ സഭയില്‍ അതു വലിയ ചര്‍ച്ചയും പ്രതിരോധവുമായി.

മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന വിവേചന നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണ് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള ശ്രമം. ഇതിനെതിരെ പാര്‍ലമെന്റ് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ല് രാജ്യത്തിന്റെ അടിസ്ഥാന സങ്കല്‍പങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്.
ഈ ശ്രമം ഇന്ത്യയുടെ മതേതരത്വത്തിന് കടുത്ത വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.

മുസ്ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉള്‍കൊള്ളുന്ന ബില്ല് പാസാക്കരുതെന്ന് ഇന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ടു. മുസ്ലിം വിരുദ്ധ ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണ്, ഇത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്.

ജാതി-മത, ഹിന്ദു -മുസ്ലിം പരിഗണനകള്‍ക്കതീതമായി തുല്ല്യ പരിഗണനയും സ്ഥാനവുമാണ് ഭരണഘടന രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്നത്. ഭരണഘടനയുടെ ആദ്യ ഭേദഗതി പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ളതായിരുന്നു. എന്നാല്‍ വിവേചനത്തെ നിയമ വിധേയമാക്കാനാണ് ഇന്ന് ഭരണഘടനയെ ദേദഗതി ചെയ്യുന്നത്. ബില്ല് അവതരിപ്പിക്കപ്പെട്ട ഇന്ന് മതേതര ഇന്ത്യയുടെ ചരിത്രത്തിലേ കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടും.

തിരഞ്ഞടുപ്പ് ലാഭത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള അവസരങ്ങള്‍ നോക്കി നടക്കുകയാണ് സര്‍ക്കാര്‍. മുന്നോക്കക്കാരിലേ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പടുത്താനുള്ള ബില്ല് കൊണ്ടുവരാനുള്ള നീക്കമടക്കം അതിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ എവിടെയായിരുന്നെന്നും വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഇത്തരം നിയമങ്ങള്‍ മതിയായ ചര്‍ച്ച പോലും സാധ്യമാക്കാതെ പെട്ടന്ന് പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് ഇവരുടെ അജണ്ടയാണ് വെളിവാക്കുന്നത്.

പൗരത്വ ഭേദഗതി ബില്ല് നിയമ പരമായി നിലനില്‍ക്കില്ല. അടിസ്ഥാനപരമായി ബില്ല് ഭരണഘടനയുടെ അനുഛേദം 14 ന്റെ ലംഘനമാണ്. ആസാം വിദ്യാര്‍ത്ഥി യൂനിയനുമായി കേന്ദ്ര ഗവണ്‍മെന്റ് ഒപ്പിട്ട അസ്സാം കാരാര്‍ പ്രകാരം പരിഹരിക്കപ്പെട്ട പ്രശ്നത്തെ ബില്ല് കൊണ്ടുവന്നതിലൂടെ വീണ്ടും സജീവമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് രാഷ്ട്രത്തെ കബളിപ്പിക്കാനുള്ള ബിജെപിയുടെ മറ്റൊരു നീക്കം മാത്രമായേ കാണാനാവൂ.

മുസ്ലിം ലീഗ് പാര്‍ട്ടി ഇത് കൊണ്ടു തന്നെ ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. ഒന്നിനു പുറമേ മറ്റൊന്നായി പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കുകയാണ് ബിജെപി. ഇത്തരം പൊള്ളയായ വാഗ്ദ്ധാനങ്ങള്‍കൊന്നും വരാന്‍ പോവുന്ന തിരഞ്ഞടുപ്പ് പരാജയത്തില്‍ നിന്ന് ബിജെപിയെ രക്ഷിക്കാനാവില്ല. പാര്‍ലമെന്റിലും, പുറത്തും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരുമെന്നതില്‍ സംശയമില്ല, പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

chandrika: