ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിയുടെ വക്രബുദ്ധിയും വര്‍ഗീയ രാഷ്ട്രീയവും വിലപ്പോവില്ലെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രചാരണരീതി കാണുമ്പോള്‍ പ്രധാനമന്ത്രി വെറുപ്പിന്റെ പ്രചാരകനാണോ എന്ന് തോന്നിപ്പോവും. ഏത് സംഭവവും വക്രീകരിക്കുകയും വര്‍ഗീയവല്‍കരിക്കുകയുമാണവര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കിയ പോലെ കര്‍ണാടകയിലും അത്തരം ശ്രമം നടത്തി രക്ഷപ്പെടാനാകുമോ എന്നാണവര്‍ നോക്കുന്നത്. എന്നാല്‍ കര്‍ണാടകയില്‍ അത് വിലപ്പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അലിഗഢ് സര്‍വകലാശാലയില്‍ നടക്കുന്നതും ഹരിയാനാ മുഖ്യമന്ത്രിയുടെ നമസ്‌കാരത്തെക്കുറിച്ചുള്ള പ്രസ്താവനയുമെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതുതന്നെയാണ്. സര്‍വകലാശാലയില്‍ നിന്ന് ഒരു ഫോട്ടോ മാറ്റണമെങ്കില്‍ നിയമപരമായി സമീപിക്കുന്നതിനു പകരം ക്യാമ്പസില്‍ അക്രമം അഴിച്ചുവിടുകയാണവര്‍ ചെയ്തത്. എല്ലാ മതസ്ഥരുടെയും പ്രാര്‍ത്ഥനകളും ആചാരങ്ങളും പലപ്പോഴും പൊതുസ്ഥലങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. അത് നിസ്‌ക്കാരത്തിന്റെ മാത്രം പ്രശ്‌നമല്ല. നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന ഒരു രീതിയാണത്. ഇന്ത്യയെപ്പോലെ ഏതാനും ചിലയിടങ്ങളിലേ ഇത്തരം സഹകരണവും മതമൈത്രിയും കാണാനാവു. ഉത്തരവാദപ്പെട്ട ഒരു മുഖ്യമന്ത്രി, സമന്വയത്തിനു ശ്രമിക്കേണ്ടതിന് പകരം ആക്രോഷിക്കുകയാണ് ചെയ്യുന്നത്.
രാജ്യം അപകടകരമായ സാഹചര്യത്തിലൂടെയാണ് പോകുന്നത്. ബി.ജെ.പിക്ക് പിന്തുണ നഷ്ടപ്പെട്ടതിന്റെ തെളിവാണിതെല്ലാം. മുന്‍പും ഇതുപോലുള്ള വര്‍ഗീയ ഇടപെടലുകളാണ് അവര്‍ ഉപയോഗിച്ചത്. അന്ന് ജനങ്ങള്‍ അവരെ തൂത്തെറിഞ്ഞു. മോദിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിക്കാനിരിക്കുന്നത്. വര്‍ഗീയതയിറക്കി പരിഹാസ്യനാവുകയാണ് മോദിയും ബിജെപിയും. കര്‍ണാടകയില്‍ അത് ഏശുന്നില്ല. അവര്‍ എത്ര വര്‍ഗീയ പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന് പറയുമ്പോള്‍ അത് നമ്മുടെ ശക്തമായ മതേതരത്തെയാണ് കാണിക്കുന്നത്.
മുസ്‌ലിംലീഗ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് സര്‍വാത്മക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗലാപുരത്തിനോട് ചേര്‍ന്ന ചില മണ്ഡലങ്ങളില്‍ ലീഗ് വളരെ ശക്തമായിട്ടും മത്സരിക്കാതിരുന്നത് വോട്ട് ഭിന്നിപ്പിക്കാതിരിക്കാനാണ്. യു.പിയില്‍ കണ്ടതു പോലെ മതേതര കക്ഷികള്‍ ഒന്നിച്ചുചേരുന്ന കാഴ്ചയാണ് കര്‍ണാടകയിലും കാണുന്നത്. ഇത്തരം യോജിപ്പുകള്‍ ഇന്ത്യയാകെ വ്യാപിക്കട്ടെയെന്നും അതാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.