X

എസ്.ഡി.പി.ഐയെ സി.പി.എം തിരിച്ചറിഞ്ഞത് പാലു കൊടുത്ത കൈക്ക് കടിച്ചപ്പോള്‍: പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പിഎമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ സാധിച്ചതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വാര്‍ത്താസമ്മേളനം വിളിച്ച് എസ്.ഡി.പി.ഐക്കെതിരെ സി.പി.എം പ്രസ്താവന നടത്തുന്നുണ്ടെങ്കിലും രണ്ടു സംഘടനകളും തമ്മില്‍ സഖ്യം തുടരുന്നുണ്ട്. മുമ്പ് പല പേരുകളില്‍ എസ്.ഡി.പി.ഐ വന്നപ്പോഴെല്ലാം അവരെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ സ്വകാര്യ മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എസ്.ഡി.പി.ഐയെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. സംഘപരിവാറിനെ എതിര്‍ക്കുന്നതു പോലെ എസ്.ഡി.പി.ഐയെയും ഒന്നിച്ച് ചേര്‍ന്ന് എതിര്‍ക്കണം. മുസ്‌ലീംലീഗാണ് അവരുടെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ എം.പിയുടെ ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തെക്കുറിച്ചും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ശശി തരൂരിന്റെ പരാമര്‍ശത്തില്‍ തെറ്റായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐക്കെതിരെ ഇ.ടി മുഹമ്മദ് ബഷീറും രംഗത്തുവന്നിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാവില്ലെന്നും ഇ.ടി പറഞ്ഞു. അത്തരം ആളുകളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നത് അപകടകരമാണ്. ആവശ്യമെങ്കില്‍ ഇതുപോലുള്ള സംഘടനകളെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

chandrika: