ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി 5 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കും പി.വി അബ്ദുള്‍ വഹാബ് എം.പിക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി അഞ്ച് മണി വരെയാണ് കമീഷന്‍ സമയമനുവദിച്ചത്. എന്നാല്‍ മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം അഞ്ചു മണിക്കൂര്‍ വൈകിയാണ് ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് ഇരുവരും പോളിങ് ബൂത്തിലെത്തിയപ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു മിനിട്ട് വൈകിയിരുന്നു.
അതേസമയം വിമാനം വൈകിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇരുവരും ആരോപിച്ചു.വോട്ടു ചെയ്യാനുള്ള അവസരം നഷ്ടമാക്കിയത് എയര്‍ ഇന്ത്യയുടെ അലംഭാവമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എയര്‍ ഇന്ത്യയ്‌ക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ കാര്യക്ഷമതയില്ലായ്മ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
7.10ന് കോഴിക്കോട് നിന്നുള്ള വിമാനത്തില്‍ മുംബൈയിലെത്തി അവിടെ നിന്ന് 10.10നുള്ള വിമാനത്തില്‍ ഡല്‍ഹിക്ക് പോകാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം അനന്തമായി വൈകിയതോടെയാണ് ഇവരുടെയും യാത്ര പ്രതിസന്ധിയിലായത്.