തിരുവനന്തപുരം: തന്റെ മകനെതിരെ കള്ളപ്പണ ആരോപണമുയര്‍ത്തിയ കെടി ജലീല്‍ എംഎല്‍എയുടെ നടപടി ഒരു കോപ്പുമില്ലാത്തതാണെന്ന് മുസ്‌ലിംലീഗ് നിയമസഭാകക്ഷി നേതാവ് പികെ കുഞ്ഞാലികുട്ടി. ആദരണീയരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ വിഷയത്തിലേക്ക് വലിച്ചിഴച്ചത് വേദനാജനകമാണ്.
ചന്ദ്രികയില്‍ കളളപ്പണം നിക്ഷേപിച്ചുവെന്നത് വസ്തുതക്ക് നിരക്കാത്തതാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം 2016 ലാണ്. തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കുന്നത് 2020ലും. മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ തങ്ങള്‍ ഫിനാന്‍സ് ഡയറക്ടറെയാണ് അധികാരമേല്‍പിച്ചിരിക്കുന്നത്. അത് മനസ്സിലാക്കി ഇഡി തുടര്‍ നടപടി അവസാനിപ്പച്ചതാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
എആര്‍ നഗര്‍ ബാങ്കില്‍ തന്റെ മകനുള്ളത് എന്‍ആര്‍ഇ നിക്ഷേപമാണ്. 2016 മുതല്‍ ഖത്തറില്‍ നിന്ന് എസ്ബിഐയിലേക്ക് അയച്ച മൂന്നു കോടി രൂപ എആര്‍ നഗര്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരം മാറ്റി നല്‍കുകയായിരുന്നു . രാഷട്രീയമായ ആരോപണം മാത്രമാണ് ജലീലിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വാര്‍ത്താസമ്മേളനത്തില്‍ വ്യക്ത മാക്കി.