ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്തി വ്യക്തമാക്കി മുസ്ലീം ലീഗ്. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്ട്രീയ ലാഭം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ രീതി സര്‍ക്കാര്‍ പിന്തുടര്‍ന്നാല്‍ പ്രതികരണം രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി. മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്‌കീമായിരുന്നു ഉചിതം. മറ്റ് സംസ്ഥാനങ്ങളില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം കേരളത്തില്‍ ഇല്ലാതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല.ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് കണക്ക്.