തിരുവനന്തപുരം: മുസ്‌ലിം മതപണ്ഡിതന്മാര്‍ക്കും എഴുത്തുകാര്‍ക്കും എതിരെ യു.എ.പി.എ നിയമം ചുമത്തുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. താനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിന് ശേഷവും നിരവധി പണ്ഡിതന്മാരും എഴുത്തുകാരും ദലിത് സാമൂഹ്യപ്രവര്‍ത്തകരും ഈ കരിനിമയത്തിന് ഇരകളാകുന്നുണ്ട്.
ഗുരുതരമായ ഈ സാഹചര്യത്തെ മുസ്‌ലിം ലീഗ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം, ദലിത് വേട്ടക്കെതിരെ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ജനജാഗരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗിച്ചാലും എഴുതിയാലും യു.എ.പി.എ ചുമത്തുമെന്നത് അംഗീകരിക്കാനാവില്ല. പാഠപുസ്തകങ്ങളില്‍ അരുതാത്തത് കണ്ടെത്തിയാല്‍ അതിനെതിരെ യു.എ.പി.എ ചുമത്തുകയല്ല വേണ്ടത്. നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മറ്റ് മാര്‍ഗങ്ങളുണ്ട്. തീവ്രവാദത്തെ എതിര്‍ക്കണം. എന്നാല്‍ തീവ്രവാദം മറയാക്കി ആര്‍ക്കെതിരെയും എന്ത് നിയമവും ചുമത്താമെന്നത് ശരിയല്ല.
കേരളത്തിലും രാജ്യത്തൊട്ടാകെയും പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒരുവിധം പുരോഗതിയിലേക്ക് നീങ്ങുകയായിരുന്നു. അപ്പോഴാണ് കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായിവിജയനും അധികാരത്തിലെത്തിയത്. ഇത് ഈ ദുര്‍ബല വിഭാഗങ്ങളുടെ വളര്‍ച്ചെയെയും പുരോഗതിയെയും ബാധിച്ചിരിക്കുകയാണ്. ഇത്തരം അനര്‍ത്ഥങ്ങള്‍ ലോകത്താകെ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മോദിയും അമേരിക്കയില്‍ ട്രംപും അധികാരത്തിലെത്തിയത് ഇതിനുദാഹരണമാണ്. ഇന്ത്യ ഭരിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ജനാധിപത്യപരമായും സാമ്പത്തികമായും ശക്തിപ്പെടുത്താനാവൂ.
ആ യാഥാര്‍ത്ഥ്യം ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. ഏതോ മണ്ടന്റെ വാക്ക് കേട്ടാണ് മോദി നോട്ട് നിരോധിച്ചത്. ഇപ്പോള്‍ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും അവര്‍ക്കെതിരെ ഒന്നും തെളിയിക്കാന്‍ കഴിയാതെ മോചിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ അടുത്ത കേസുണ്ടാക്കുന്നതും പതിവായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരുപറഞ്ഞ് നിരവധി മുസ്‌ലിംകളെയും ദലിതുകളെയും തടവില്‍ വെച്ചിരിക്കുകയാണ്. യു.എ.പി.എ നിയമത്തിന് ഇരയായവരില്‍ ഏറെയും മുസ്‌ലിം പണ്ഡിതരും ദലിത് എഴുത്തുകാരുമാണ്. നരേന്ദ്രമോദി ഏത് വഴിയിലൂടെയാണോ പോകുന്നത് അതേവഴി തന്നെയാണ് പിണറായി വിജയനും തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനജാഗരണ സമ്മേളനത്തിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം റാലിയിലെ അംഗങ്ങളെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, ദലിത് ലീഗ്, വനിതാ ലീഗ്, എം.എസ്.എഫ്, മറ്റ് പോഷക സംഘടനാ പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു.