X

പെരിയ ഇരട്ടക്കൊല: കേസ് അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ തുറന്നടിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കാസര്‍ക്കോട് പെരിയയിലെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തെ പൊളിച്ചെഴൂതി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുഞ്ഞാലിക്കുട്ടി കടുത്ത വിമര്‍ശനം രേഖപ്പെടുത്തിയത്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ തലവനെ മാറ്റിയ പശ്ചാതലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കേസിലെ മുഖ്യ പ്രതിയായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന്് പുറത്താക്കിയ സിപിഎം നടപടി ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കുതന്ത്രം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വവും സര്‍ക്കാറും നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി മാറ്റിയ നടപടി ജനാധിപത്യ സമൂഹത്തില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. അക്രമ രാഷ്ട്രീയം പഴയപടി തുടരാനാണ് സിപിഎം തീരുമാനമെങ്കില്‍ അതിനു വലിയ വില കൊടുക്കാന്‍ തയ്യാറാകേണ്ടി വരും.

വീടെന്ന കൃപേഷിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും മനുഷ്യസ്‌നേഹികള്‍ മുന്നോട്ടു വരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക് പേജിന്റെ പൂര്‍ണരൂപം:
കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനേയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ സിപിഎം തുടക്കത്തില്‍ തള്ളിപ്പറഞ്ഞിരുന്നു. മുഖ്യപ്രതിയായ ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി, സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന്റെ സൂചനയായാണ് പൊതുസമൂഹം മനസ്സിലാക്കിയത്. എന്നാല്‍ സിപിഎം നടപടി ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കുതന്ത്രം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വവും സര്‍ക്കാറും നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. അന്വേഷണം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി മാറ്റിയ നടപടി ജനാധിപത്യ സമൂഹത്തില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. അക്രമ രാഷ്ട്രീയം പഴയപടി തുടരാനാണ് സിപിഎം തീരുമാനമെങ്കില്‍ അതിനു വലിയ വില കൊടുക്കാന്‍ തയ്യാറാകേണ്ടി വരും.

അടുത്ത കാലത്തായി സിപിഎം കൊലക്കത്തിക്കിരയാക്കിയ നിരപരാധികളില്‍ മിക്കവരും ചെറുപ്പക്കാരാണ്. സമൂഹത്തില്‍ വലിയ തോതില്‍ അംഗീകാരം നേടി ഓരോ നാടിന്റെയും പ്രതീക്ഷയായി മാറിയവരാണ് കൊല്ലപ്പെടുന്ന ചെറുപ്പക്കാര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍ധനരും നിസ്സഹായരുമായ ജനങ്ങള്‍ക്ക് കൈത്താങ്ങായി മാറിയവരാണ്. അരിയില്‍ ഷുക്കൂറും എടന്നൂരിലെ ഷുഹൈബും മുതല്‍ ഇപ്പോള്‍ പാര്‍ട്ടി കൊന്നൊടുക്കിയ കൃപേഷും ശരത് ലാലും വരെ അവര്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാടിന്റെ ഓമനകളായിരുന്നു. സിപിഎമ്മിന്റെ കപട രാഷ്ട്രീയത്തെ തുറന്നു കാണിക്കുകയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയായി മാറുകയും ചെയ്തവരെയാണ് അക്രമ രാഷ്ട്രീയത്തിലൂടെ പാര്‍ട്ടി ഉന്‍മൂലനം ചെയ്യുന്നത്. സ്വന്തം ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിച്ച കൃപേഷ് പൊതുപ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയാണ്.

നികൃഷ്ടമായ കൊലപാതകത്തിലൂടെ രണ്ട് കുടുംബങ്ങളുടെ അത്താണിയാണ് സിപിഎം ഇല്ലാതാക്കിയത്. വീട് എന്ന കൃപേഷിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും ഈ കുടുംബങ്ങളെ സഹായിക്കാനും മനുഷ്യസ്‌നേഹികള്‍ ഒന്നടങ്കം മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ കുടുംബങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നതിന് വേണ്ടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയോടൊപ്പം ജനങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ ലഭിച്ച സ്വീകരണം ആശാവഹമാണ്. അതില്‍ അക്രമ രാഷ്ട്രീയത്തോടുള്ള അടങ്ങാത്ത ജനരോഷം കൂടി പ്രതിഫലിക്കുന്നുണ്ട്.

web desk 1: