പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടും അവര്‍ക്കോ അവരുടെ ഇന്റലിജന്‍സിനോ പൊലീസിനോ മനസിലാക്കാന്‍ കഴിയാത്ത ഒരു തട്ടിപ്പ് മനസിലാക്കാന്‍ നജീബിന് ത്രികാലജ്ഞാനമൊന്നുമില്ലെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.
നീചമായ രീതിയില്‍ ബോഡി ഷെയ്മിങ് നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡി.വൈ.എഫ്.ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്. സഖാക്കളെ കാലം മാറിയെന്നും നിങ്ങളുടെ കോലം ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ജി.ഒ എന്ന പേരില്‍ എന്‍.ജി.ഒകളുടെ കൂട്ടായ്മയുടെ പ്രതിനിധിയായി അനന്ദുകൃഷ്ണന്‍ എന്നൊരാളും സംഘവും പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരത്തെ സമീപിക്കുന്നു. മന്ത്രി ശിവന്‍കുട്ടി ഉല്‍ഘാടനം ചെയ്ത ഹെഡ് ഓഫീസും, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ജനപ്രതിനിധികള്‍ പങ്കെടുത്ത പരിപാടികളും കാണിക്കുന്നു. 50% വിലയില്‍ സ്ത്രീകള്‍ക്ക് സ്‌കൂട്ടറും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും നല്‍കുന്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നു.
ജനങ്ങള്‍ക്ക് ഗുണം കിട്ടുന്ന ഏതൊരു പദ്ധതിയും തന്റെ മണ്ഡലത്തിലേക്കും കിട്ടണമെന്ന് ആരുമാഗ്രഹിക്കുന്നത് പോലെ നജീബ് കാന്തപുരവും ആ പദ്ധതിയെ പിന്തുണക്കുന്നു. കുറേ ആളുകള്‍ക്ക് അതിന്റെ ഭാഗമായി സ്‌കൂട്ടര്‍ കിട്ടിയപ്പോള്‍ എല്ലാവരും ഈ പദ്ധതിയെ അഭിനന്ദിക്കുന്നു. ഇത്രയുമാണ് പെരിന്തല്‍മണ്ണയില്‍ സംഭവിച്ചത്.
എന്നാല്‍ പിന്നീട് കുറച്ചാളുകള്‍ക്ക് ലാപ്‌ടോപ്പ് കിട്ടാതായി. എം.എല്‍.എ പല തവണ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ഒടുവില്‍ എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളോടൊപ്പം നിന്ന് തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നു.
സംസ്ഥാനത്തെ മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടും അവര്‍ക്കോ അവരുടെ ഇന്റലിജന്‍സിനോ പൊലീസിനോ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തട്ടിപ്പ് മനസ്സിലാക്കാന്‍ നജീബിന് മാത്രം സാധിക്കണമെന്ന് പറയാന്‍ അദ്ദേഹത്തിന് ത്രികാലജ്ഞാനമൊന്നുമില്ലല്ലോ!
നജീബിന്റെ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ ആദ്യം മാര്‍ച്ച് നടത്തേണ്ടിയിരുന്നത് അഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കായിരുന്നു. അതുമല്ലെങ്കില്‍ ഈ സംഘത്തിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശിവന്‍കുട്ടിയുടെ ഓഫീസിലേക്കായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയെന്ന് ആരോപണ വിധേയനായ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ വീട്ടിലേക്കെങ്കിലുമായിരുന്നു. എന്നാല്‍ അതിനൊന്നും ഡി.വൈ.എഫ്.ഐ തയ്യാറല്ല. നീചമായ രീതിയില്‍ ബോഡി ഷെയ്മിങ് ഉള്‍പ്പെടെ നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡിവൈഎഫ്‌ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്.
അപ്പോള്‍ കാര്യം വ്യക്തമാണ്. ചുരുങ്ങിയ കാലം കൊണ്ട് പെരിന്തല്‍മണ്ണയുടെ മനസ്സ് കീഴടക്കിയ നജീബ് കാന്തപുരത്തിന്റെ ജനപ്രീതി ഇല്ലാതാക്കണം. അതിന് എപ്പോഴും സഖാക്കള്‍ ചെയ്യാനുള്ളത് പോലെ ആടിനെ പട്ടിയാക്കണം.
സഖാക്കളെ കാലം മാറി. നിങ്ങളുടെ കോലം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. നജീബിനെതിരെ കേസെടുത്തും ഓഫീസിന് മുന്നില്‍ നാല് മുദ്രാവാക്യം വിളിച്ചും പേടിപ്പിച്ച് കളയാമെന്ന് കരുതുന്നുണ്ടെങ്കില്‍ സഖാക്കളെ നിങ്ങള്‍ക്ക് തെറ്റി. അതല്ല, ഏതാനും മാസത്തിനുള്ളില്‍ ജനങ്ങള്‍ ആട്ടിപ്പായിച്ച് പ്രതിപക്ഷത്തിരുത്തും എന്നുറപ്പായ സ്ഥിതിക്ക് പഴയ കലാരൂപങ്ങള്‍ പരിശീലിക്കാനുള്ള തിടുക്കമാണ് പെരിന്തല്‍മണ്ണയില്‍ കാഴ്ചവെച്ച പ്രകടനമെങ്കില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.