X

കെ.എസ്.ടി.യു മുന്‍ സംസ്ഥാന സെക്രട്ടറി പി.കെ ഹംസ മാസ്റ്റര്‍ അന്തരിച്ചു

വള്ളുവമ്പ്രം: കേരള സ്‌റ്റേറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി പൂക്കോട്ടൂര്‍ അത്താണിക്കല്‍ സ്വദേശി പി.കെ ഹംസ മാസ്റ്റര്‍ അന്തരിച്ചു. 55 വയസായിരുന്നു. ഇന്ന് രാവിലെ 7.30 നാണ് അന്ത്യം. രണ്ട് വര്‍ഷത്തോളമായി അസുഖം ബാധിച്ച് വീട്ടിലിരിക്കെയാണ് മരണം. പിതാവ് പരേതനായ പരുത്തിനിക്കാടന്‍ അലവി. മാതാവ്: ആയിശക്കുട്ടി.ഭാര്യ: ഫാത്തിമസുഹ്‌റ അരിമ്പ്ര. മക്കള്‍: ആശിഖ് നസീഫ് (സൗദി യാമ്പു), അക്ബര്‍ ഷമീം, ആശിഖ നസ്രീന്‍, ആയിഷ ഫാബി.

സഹോദരങ്ങള്‍: പി.കെ മുഹമ്മദ് (ആകാശവാണി കോഴിക്കോട്), ശബീറലി (ഫെഡറല്‍ ബാങ്ക് മലപ്പുറം), ജമീല (അധ്യാപിക ജി.വി.എച്ച്.എസ്.എസ് പുല്ലാനൂര്‍), ലൈല (ദേവതാര്‍ യു.പി മുസ്ലിയാരങ്ങാടി), മൈമൂന (പാങ്ങ് എച്ച്.എസ്.എസ്).1989 മുതല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഹംസ മാസ്റ്റര്‍ ആദ്യം വള്ളുവമ്പ്രം എ.എം.യു.പി സ്‌കൂളിലും 1993 മുതല്‍ പുല്ലാനൂര്‍ ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂര്‍ എന്നിവടങ്ങളിലും അധ്യാപകനായിരുന്നു. പീന്നീട് കോട്ടക്കല്‍ ജി.എം.യു.പി സ്‌കൂളിലെ പ്രധാനധ്യാപകനായും ഇപ്പോള്‍ ജി.യു.പി സ്‌കൂള്‍ പൂക്കോട്ടൂര്‍ മുതിരിപ്പറമ്പില്‍ പ്രധാനധ്യാപകനായും സേവനം ചെയ്തു വരുന്നു.

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഹംസ മാസ്റ്റര്‍ അത്താണിക്കല്‍ ഹിദായത്തുല്‍ മുസ്ലീമീന്‍ മഹല്ല് സംഘത്തിന്റെ സെക്രട്ടറിയായും എം.ഐ.സി അത്താണിക്കലിന്റെ സെക്രട്ടറിയായും സേവനം ചെയ്തിരുന്നു. കായിക രംഗത്ത് ഏറെ തല്‍പ്പരനായിരുന്ന ഹംസ മാസ്റ്റര്‍ മികച്ച ഫുട്‌ബോള്‍ കളിക്കാരനുമാണ്. അഞ്ച് വര്‍ഷത്തോളം സംസ്ഥാന സിവില്‍ സര്‍വീസ് ടീമിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്ന ഹംസ മാഷ് എം.ഇ.എസ് കോളേജ് മമ്പാടിനും, മലപ്പുറം ജില്ലാ ജനറല്‍ ടീമഗമായും കളിച്ചിരുന്നു. നേരത്തെ ഉപജില്ല, ജില്ല കെ.എസ്.ടിയു കമ്മിറ്റയംഗമായിരുന്ന ഹംസ മാസ്റ്റര്‍ കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയായും പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റായും 12 വര്‍ഷത്തോളം സംസ്ഥാന കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചു. ഡിഗ്രി പഠന കാലത്ത് മമ്പാട് എം.ഇ.എസ് കോളേജിലെ എം.എസ്.എഫ് ഭാരവാഹിയായിരുന്ന ഹംസ മാസ്റ്റര്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറിയായും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സംഘടന നേതൃത്വത്തിലിരിക്കെ കെ.എസ്.ടി.യു അക്കാദമിക് കൗണ്‍സിലഗമായിരുന്ന ഹംസ മാഷ് പാഠപുസ്തക പരിഷ്‌കരണ കമ്മിറ്റിയംഗമായിരുന്നു. ഖബറടക്കം വൈകീട്ട് 3.30 ന് അത്താണിക്കല്‍ മഹല്ല് ജുമാമസ്ജിദില്‍ നടക്കും

chandrika: