X

‘ബിനീഷ് പറഞ്ഞതെല്ലാം കളളം’: കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പികെ ഫിറോസ്

കോഴിക്കോട്: ലഹരി മരുന്ന കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ കൂടൂതല്‍ തെളിവുകള്‍ പുറത്തുവിട്ട് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബിനീഷിന് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം ഇതിനോടകം തന്നെ തെളിഞ്ഞെന്നും മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപുമായി ദീര്‍ഘനേരം ബിനീഷ് സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നെന്നും ഫിറോസ് പറഞ്ഞു.

ബിനീഷ് കോടിയേരി 2015 ല്‍ ബെംഗളൂരുവില്‍ ആരംഭിച്ച മണി എക്‌സ്‌ചേഞ്ച് കമ്പനിയുടെ വിവരങ്ങള്‍ പികെ ഫിറോസ് ഇന്ന് പുറത്തുവിട്ടു. മയക്കുമരുന്ന് കേസിലെ പ്രതികളില്‍ പ്രധാനമായും ഇടപാടുകള്‍ നടത്തിയിരുന്നത് ഗോവയിലാണെന്ന് മൊഴി നല്‍കിയിരുന്നു. വിദേശികളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ നാണയ വിനിമയം നടത്താനാണോ ബിനീഷ് മണി എക്‌സ്‌ചേഞ്ച് തുടങ്ങിയതെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് കോടിയേരുടെ ഈ കമ്പനിയുമായി ബന്ധപ്പെട്ട് ഏതെല്ലാം രീതിയിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് എന്‍ഫോസ്‌മെന്റ് അന്വേഷണം നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ എന്‍ഫോസ്‌മെന്റിന് നല്‍കാന്‍ യൂത്ത്‌ലീഗ് തയ്യാറാണെന്നും പികെ ഫിറോസ് അറിയിച്ചു.

2018ൽ തുടങ്ങിയ യുഎഎഫ്എക്സ് സൊല്യൂഷൻസ് പാർട്നർ ബിനീഷിന്റെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. യുഎഎഫ്എക്സ് സൊല്യൂഷൻസാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷൻ നൽകിയതെന്ന് സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയതാണ്. ഈ ഇടപാടിൽ ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. ബിനീഷ് ഉപയോഗിക്കുന്ന കാറുകളിൽ ഒന്ന് ലത്തീഫിന്റെ സഹോദരന്റെ കാറാണെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലേക്ക് വരുന്ന മയക്കുമരുന്ന് ലോബിയുടെ അടിവേരറുക്കാനുള്ള ഈ സാഹചര്യം സർക്കാർ ഉപയോഗിക്കണം.

യുഎഎഫ്എക്സ് സൊല്യൂഷൻസ് ഒറ്റത്തവണയും വാർഷിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സിപിഎമ്മിനെ യൂത്ത് ലീഗ് ആദ്യ ഘട്ടത്തിൽ ഇതിലേക്ക് വലിച്ചിഴച്ചില്ല. പക്ഷേ പാർട്ടിയുടെ പങ്ക് ഇപ്പോൾ വ്യക്തമാണ്. ബിനീഷിനെ സിപിഎം സംരക്ഷിക്കുന്നു. മക്കൾ ചെയ്യുന്ന തെറ്റ് മറക്കാൻ സിപിഎം കേരളത്തെ വിൽപ്പനക്ക് വെക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസിൽ പിടിയിലായ കോക്കാച്ചി മിഥുൻ എന്ന സിനിമ നടന്റെ കോൾ ലിസ്റ്റിൽ ബിനീഷിന്റെ പേരുണ്ടായിരുന്നു, അതോടെ അന്വേഷണമവസാനിപ്പിച്ചു. യുഎഎഫ്എക്സ് സൊല്യൂഷൻസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടക അന്വേഷണ ഏജൻസി കേരളത്തിലേക്ക് വരാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. ആര് ആരുടെ ഒക്കച്ചങ്ങായിയാണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രവും സംസ്ഥാനവും ഭായി ഭായി ബന്ധത്തിലാണ്. മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണോ ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Test User: