X

വ്യാജ അഴിമതി ആരോപണം; നിയമ നടപടി സ്വീകരിക്കുമെന്ന് പികെ ഫിറോസ്

തിരുവനന്തപുരം: കത്ത്‌വ – ഉന്നവോ നിയമസഹായ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യൂസഫ് പടനിലമാണ് യൂത്ത് ലീഗ് ദേശീയ നേതാവെന്ന് അവകാശപ്പെട്ട് വ്യാജ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. ആരോപണങ്ങളില്‍ കഴമ്പില്ലെങ്കിലും മുസ്‌ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പികെ ഫിറോസ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Never Wrestle with a Pig.
You Both Get Dirty and the Pig Likes It
ബെർണാഡ് ഷാ ഇങ്ങനെ പറഞ്ഞ് വെച്ചിട്ടുണ്ടെങ്കിലും വിഷയം അഴിമതി ആരോപണമായതിനാൽ മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ആരോപണമുന്നയിച്ച വ്യക്തിയെ യൂത്ത് ലീഗ് നേതാവ്, ദേശീയ നിർവാഹക സമിതി അംഗം എന്നൊക്കെയാണ് കൈരളി ചാനൽ എഴുതിക്കാണിക്കുന്നത്. ഇത് തെറ്റാണ്.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് തോൽക്കുകയും പാർട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഇയാൾ. സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയ ആളെന്നോ, അധികാരത്തിനായി പാർട്ടിയെ വഞ്ചിച്ച വ്യക്തി എന്നോ ഉള്ള ദുഷ്‌പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങൾ. മാത്രവുമല്ല, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ താനിപ്പോൾ ചവിട്ടി നിൽക്കുന്ന പാർട്ടിയിൽ താരപരിവേഷം ഉണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് അയാൾ കരുതുന്നുണ്ടാകാം. അദ്ദേഹത്തിന്റെ കഠിനശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
തെരഞ്ഞെടുപ്പ് വേളയിൽ സി.എച്ച് സെന്ററിനെതിരെയായിരുന്നു ഇദ്ദേഹം ആരോപണമുന്നയിച്ചിരുന്നത്. അത് ക്ലച്ച് പിടിക്കാതെ പോയപ്പോഴാണ് ഇപ്പോൾ കത്‌വ വിഷയവുമായി വരുന്നത്. കത്‌വയിൽ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നൽകാനുമാണ് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്. കത്‌വ-ഉന്നാവോ വിഷയങ്ങളിൽ നിയമസഹായം ഉൾപ്പെടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ യൂത്ത്‌ലീഗിനെ പ്രശംസിച്ചുകൊണ്ട് നേരത്തെ മാധ്യമങ്ങളിൽ വാർത്തകൾ വന്നതുമാണ്.
യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടിൽ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണമാണ് ഈ വ്യക്തി എനിക്കെതിരെ ഉന്നയിച്ചത്. ശുദ്ധ അസംബന്ധമാണത്. ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടിൽ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല.
പക്ഷേ, ഈ വിഷയം ആരോപണമുന്നയിച്ച വ്യക്തിക്ക് ശ്രദ്ധ കിട്ടുമെന്ന് കരുതി നിസ്സാരമായി കാണാനാവില്ല. മുസ്ലിംലീഗിന്റെ ജനകീയാടിത്തറയുടെ പ്രധാന കാരണം അതിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. അതിന്റെ മുകളിൽ കരിനിഴൽ വീഴ്ത്താനാണ് ഈ വ്യക്തി ശ്രമിക്കുന്നത്.
രാഷ്ട്രീയത്തിൽ താൽക്കാലിക നേട്ടങ്ങൾക്കായി നട്ടാൽ കുരുക്കാത്ത ദുരാരോപണങ്ങൾ ഉന്നയിക്കുന്ന ചിലരുണ്ട്. എന്നാൽ കത്വ പെണ്കുട്ടിയ്ക്ക് സഹായഹസ്തം നീട്ടിയതിനെപ്പോലും നീചമായ ഒരാരോപണത്തിലേക്ക് വലിച്ചിഴച്ചത് വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനമാണ്. അതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് അനിവാര്യമാണ്.
അത് കൊണ്ട് തന്നെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. വരും ദിസവങ്ങളിൽ അഭിഭാഷകരുമായി ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കും.

Test User: