കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി. ജലീല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. തദ്ദേശവകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍(ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടര്‍ ടെക്‌നിക്കല്‍ എന്ന പേരില്‍ ഡി.എസ്. നീലകണ്ഠനെ നിയമിച്ചത് ചൂണ്ടിക്കാട്ടിയാണ് ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയത്. കെ.ടി. ജലീല്‍ അറിയാതെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എം.കെ. രാഘവനും അന്നത്തെ വകുപ്പ് സെക്രട്ടറിയും നിലവില്‍ കോഴിക്കോട് ജില്ലാ കളക്ടറുമായ സാംബറാവു ഐ.എ.എസും ചേര്‍ന്നാണ് ഈ നിയമനം നടത്തിയത്. സി.പി.എം. നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരനും സി.പി.ഐ നേതാവുമായ ദാമോദരന്‍ നായരുടെ മകനാണ് ഡി.എസ് നീലകണ്ഠന്‍. നേരത്തെ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയായിരുന്ന എം.കെ. രാഘവന്‍ മുഖേനയാണ് ഈ നിയമനം നടത്തിയതെന്നും ഫിറോസ് പറഞ്ഞു.
ആദ്യം ഡയറക്ടര്‍ ജനറല്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ അന്ന് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന നീലകണ്ഠന് ഡെപ്യൂട്ടേഷന്‍ ലഭിക്കാത്തതിനാല്‍ അപേക്ഷിക്കാനായില്ല. മറ്റുചിലര്‍ നിയമനത്തിന് അപേക്ഷനല്‍കിയെങ്കിലും നീലകണ്ഠന്‍ അപേക്ഷിക്കാത്തതിനാല്‍ ഈ തസ്തികയിലേക്ക് ആരെയും നിയമിച്ചില്ല. പിന്നീട് ഡെപ്യൂട്ടി ഡയറക്ടര്‍ ടെക്‌നിക്കല്‍ തസ്തികയുണ്ടാക്കി പത്രപരസ്യത്തിലൂടെ വീണ്ടും അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. 37 അപേക്ഷകരില്‍ 13 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. സന്തോഷ് മേലക്കളത്തില്‍ എന്നയാളാണ് യോഗ്യതയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് കുറച്ചു. പിന്നീട് നീലകണ്ഠനെ ഒന്നാമതാക്കി നിയമനം നല്‍കി.
സാധാരണ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നല്‍കുമ്പോള്‍ നീലകണ്ഠനെ അഞ്ചുവര്‍ഷത്തേക്കാണ് നിയമിച്ചതെന്നും ഇതിനിടെ പത്തുശതമാനം ശമ്പളവര്‍ധന നടപ്പാക്കിയെന്നും പി.കെ. ഫിറോസ് ആരോപിച്ചു. നീലകണ്ഠനെ നിയമിക്കുമ്പോള്‍ ധനവകുപ്പിന്റെയോ സര്‍ക്കാരിന്റെയോ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.