X

കള്ളക്കേസ് ചുമത്തി വാ മൂടിക്കെട്ടാനാവില്ല: പി.കെ.ഫിറോസ്


കോഴിക്കോട്: അഴിമതിക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി അവരുടെ വാ മൂടി കെട്ടാനാവില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണ്. കള്ളക്കേസ് ചുമത്തിയെന്ന് വെച്ച് പിന്‍മാറാന്‍ തയ്യാറല്ല. പാര്‍ട്ടിയ്ക്കുള്ളിലും മുഖ്യമന്ത്രിയ്ക്ക് മുന്നിലും പ്രതിരോധത്തിലായതിനാലാണ് ജെയിംസ് മാത്യു എം.എല്‍.എ തനിക്കെതിരെ പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു.

ജെയിംസ് മാത്യു എം.എല്‍.എ നല്‍കിയ പരാതിയിന്‍മേലുള്ള അന്വേഷണത്തിന്റെ ഭാഗമായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പോലീസിന് മുമ്പാകെ ഹാജരായി മൊഴി നല്‍കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് വ്യാജരേഖ പുറത്തുവിട്ട് ഫിറോസ് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന എം.എല്‍.എയുടെ പരാതിയിലാണ് വിശദീകരണം നല്‍കിയത്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഡി.സി.പി എ.കെ.ജമാലുദ്ദീന് മുമ്പാകെയാണ് പി.കെ.ഫിറോസ് മൊഴി നല്‍കിയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്ന് അഴിമതി സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചപ്പോള്‍ വിവരാവകാശനിയമ പ്രകാരം തെളിവുകള്‍ ശേഖരിച്ച് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നെന്ന് പി.കെ.ഫിറോസ് മൊഴി നല്‍കി. വിവരങ്ങള്‍ എവിടെ നിന്നൊക്കെയാണ് ലഭ്യമായതെന്ന് വെളിപ്പെടുത്താനാവില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ ബന്ധുവിന് നിയമനം നല്‍കിയതിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ മന്ത്രി എ.സി.മൊയ്തീന് കത്തയച്ചതായി ഫിറോസ് ആരോപിച്ചിരുന്നു.

web desk 1: