കോഴിക്കോട്: മുസ്ലിംലീഗിന്റെ കൊടിയെ തെറ്റിദ്ധരിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രചാരണായുധമാക്കുന്ന സി.പി.എം ബി.ജെ.പി നിലപാടിനെതിരെ കടുത്ത വിമര്‍ശനം രേഖപ്പെടുത്തി പി.കെ ഫിറോസ്. മുസ്ലിം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ കൊടിയാണ് രാഹുലിനെ സ്വാഗതം ചെയ്യാന്‍ ഉപയോഗിച്ചതെന്നാണ് പരിവാര്‍ കേന്ദ്രങ്ങളും സി.പി.എമ്മും പ്രചരിപ്പിച്ചത്. ഇതിനെതിരായാണ് ഫിറോസ് ഫെയ്‌സ്ബുക്ക് വഴി പ്രതികരിച്ചത്. ഈ കൊടിയുടെ പിന്‍ബലത്തിലാണ് കരുണാകരനും ഉമ്മന്‍ ചാണ്ടിക്കും മന്ത്രി സഭയുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് ഫിറോസ് പറഞ്ഞു. അതു കൊണ്ട് ഇക്കൊടി ഉയര്‍ത്തേണ്ടിടത്ത് ഉയര്‍ത്തുക തന്നെ ചെയ്യുമെന്ന് ഫിറോസ് വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാഹുല്‍ ഗാന്ധിയും വയനാട്ടിലെ മതന്യൂനപക്ഷങ്ങളും…
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രഖ്യാപിച്ചത് മുതല്‍ മോദി മുതല്‍ സംഘ് പരിവാരങ്ങളൊന്നാകെ രാഹുലിനെതിരായി പ്രചാരണത്തിലാണ്. ഹിന്ദുക്കളെ ഭയന്ന് രാഹുല്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലം തെരഞ്ഞെടുത്തു എന്നാണ് മോദി പറഞ്ഞത്. മുസ്ലിം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ കൊടിയാണ് രാഹുലിനെ സ്വാഗതം ചെയ്യാന്‍ ഉപയോഗിച്ചതെന്നാണ് പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. സമാനമായ രീതിയിലുള്ള പ്രചാരണമാണ് സി.പി.എമ്മും നടത്തിയത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ഗുണകാംക്ഷികളും ദോഷൈകദൃക്കുകളുമൊക്കെ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടും വയനാട്ടില്‍ മത്സരിക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മോദി ഇന്ത്യയില്‍ മുസ്ലിംകളെ അപരവല്‍ക്കരിക്കുമ്പോള്‍ അവരെ മാറ്റി നിര്‍ത്തുകയല്ല ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടതെന്ന് പ്രഖ്യാപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി ചെയ്തത്. ഇക്കാര്യത്തില്‍ വര്‍ത്തമാന ലോകത്ത് നരേന്ദ്ര മോദിയല്ല രാഹുലിന് മാതൃക. ഒരു ജനതയെ അപരവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ മതചിഹ്നങ്ങളണിഞ്ഞ് പാര്‍ലമെന്റില്‍ പ്രസംഗിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡനാണ്. ഈ സന്ദേശമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്. ഈ നിലപാടിനാണ് കയ്യടി നല്‍കേണ്ടതും.
ഇനി പച്ചക്കൊടിയുടെ കാര്യം. മുസ്ലിം ലീഗ് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. നിയമസഭയിലും പാര്‍ലമെന്റിലും അംഗങ്ങളുള്ള പ്രസ്ഥാനമാണ്. 1948 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത് പച്ചപ്പതാകയാണ്. ഈ കൊടി പിടിച്ച് പിന്തുണച്ചപ്പോഴാണ് 67 ല്‍ ഇഎം.എസ് മുഖ്യമന്ത്രിയായത്. അച്ചുതമേനോനും മുഖ്യമന്ത്രികസേരയില്‍ ഇരുന്നത്. കരുണാകരനും ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ മന്ത്രി സഭയുണ്ടാക്കിയത്. ഈ പച്ചക്കൊടി പിടിച്ചാണ് ഞങ്ങളുടെ നേതാവ് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായത്. ഈ പതാകയേന്തിയാണ് ഇ. അഹമ്മദ് കേന്ദ്രമന്ത്രി സഭയില്‍ അംഗമായതും. അതു കൊണ്ട് ഈ അര്‍ദ്ധ ചന്ദ്ര നക്ഷത്രാങ്കിത ഹരിത പതാക ഉയര്‍ത്തിപ്പിടികേണ്ടിടത്തെല്ലാം ഞങ്ങളുയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും. അത് കേവലമൊരു പതാകയുടെ പ്രശ്‌നമല്ല. ഇന്നിന്റെ രാഷ്ട്രീയം കൂടിയാണ്.