X

‘കൂരാകൂരിരുട്ടില്‍ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും പ്രതീക്ഷയാണ്’- സൊമാറ്റോ, ഉന്നാവോ സംഭവങ്ങളില്‍ പി.കെ ഫിറോസിന്റെ കുറിപ്പ്‌

കോഴിക്കോട്: രാജ്യത്തെ നല്ല ഭാവിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നാവോ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ നിഷേധിച്ച സംഭവത്തില്‍ സൊമാറ്റോ എടുത്ത നിലപാടും മുന്‍നിര്‍ത്തിയാണ് ഫിറോസ് രാജ്യത്തിന്റെ ഭാവിയെപ്പറ്റി നല്ല സൂചന നല്‍കിയത്. യു.എ.പി.എ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ കപില്‍ സിബല്‍ പാര്‍ലമെന്റില്‍ പറഞ്ഞ വാക്കുകളിലും ഫിറോസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഫിറോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം:

നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയതോടെ രാജ്യത്തെ മതേതര വിശ്വാസികള്‍ക്കും പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങള്‍ക്കും ആശങ്കയും അരക്ഷിത ബോധവുമുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇക്കഴിഞ്ഞ നാളുകളില്‍ വന്ന വാര്‍ത്തകളെല്ലാം അതിന് ആക്കം കൂട്ടുന്നതുമാണ്. എന്നാലിന്ന് കണ്ട മൂന്നു വാര്‍ത്തകള്‍ പ്രതീക്ഷകള്‍ അസ്തമിച്ച് പോയിട്ടില്ല എന്ന് തെളിയിക്കുന്നതാണ്.

ഒന്നാമത്തേത് ഉന്നാവ് ബലാത്സംഗ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചോദിച്ച ചീഫ്, ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാനും ഇരക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഉത്തരവിട്ടു. ഇര ചീഫ് ജസ്റ്റിസിനയച്ച കത്ത് പുറത്ത് വരാത്തതില്‍ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതി ഇരക്കും കുടുംബത്തിനും സി.ആര്‍.പി.എഫ് സംരക്ഷണവും പ്രഖ്യാപിച്ചു.

രണ്ടാമത്തെ വാര്‍ത്ത മധ്യപ്രദേശില്‍ നിന്നാണ്. സൊമാറ്റോ മുഖേന ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുകയും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയും അത് ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്ത ആള്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് നടപടി സ്വീകരിക്കുന്നു എന്നതാണ് വാര്‍ത്ത. മുന്‍ ബി.ജെ.പി സര്‍ക്കാറിന്റെ പ്രേതം മധ്യപ്രദേശ് പോലീസില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് തീര്‍ച്ചയായും ശുഭസൂചനയാണ്.

മൂന്നാമത്തേത് യു.എ.പി.എ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ കപില്‍ സിബല്‍ പറഞ്ഞ വാക്കുകളാണ്.
ആഭ്യന്തരമന്ത്രീ, മിസ്റ്റര്‍ അമിത് ഷാ…ഞങ്ങള്‍ നിശ്ശബ്ദരാകുമെന്ന് താങ്കള്‍ കരുതരുത്. ഇത്തരം നിയമനിര്‍മ്മാണവുമായി വന്നാല്‍ അവസാന ശ്വാസം വരെ ഞങ്ങള്‍ എതിര്‍ക്കും. സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും പിന്നാലെ വിട്ടാലും ഇനി ജയിലിലടച്ചാല്‍ തന്നെയും താങ്കളെ എതിര്‍ക്കുക തന്നെ ചെയ്യും.


ഇതു കൊണ്ട് എല്ലാമായി എന്നല്ല. കൂരാ കൂരിരുട്ടില്‍ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും പ്രതീക്ഷയാണ്. ഇരുളകലും എന്ന പ്രതീക്ഷ. വെളിച്ചം വരും എന്ന പ്രതീക്ഷ.

web desk 1: