പി.കെ ഫിറോസ്
സി.പി.എം തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുന്നതിന് കൊല്ലാനുള്ള ക്വട്ടേഷന്‍ മാത്രമല്ല കൊടുക്കാറുള്ളത്. അവര്‍ക്ക് വേറെയും ക്വട്ടേഷന്‍ രീതികളുണ്ട്. സൈബര്‍ ക്വട്ടേഷന്‍, സാംസ്‌കാരിക ക്വട്ടേഷന്‍, മീഡിയ ക്വട്ടേഷന്‍, ഭരണമുള്ളപ്പോള്‍ പോലീസ് ക്വട്ടേഷന്‍…പട്ടിക അങ്ങിനെ നീളും. മൊത്തത്തില്‍ നമുക്കിതിനെ ഇടതുപക്ഷ ക്വട്ടേഷന്‍ എന്നു വിളിക്കാം.
ഇനി ഇവരുടെ പ്രവര്‍ത്തനം നോക്കൂ. നെഹ്‌റു മുതല്‍ പ്രിയങ്കാ ഗാന്ധിയെ വരെ ഇവര്‍ക്ക് വിമര്‍ശിക്കാം. പക്ഷേ എ.കെ.ജിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്. ഉമ്മന്‍ ചാണ്ടി മുതല്‍ ഡീന്‍ കുര്യാക്കോസിനെ വരെ വിമര്‍ശിക്കാം പക്ഷേ പിണറായി വിജയനെതിരെ മിണ്ടിപ്പോകരുത്. എം.എന്‍ കാരശ്ശേരിയെ വിമര്‍ശിച്ചാലും കെ.ആര്‍ മീരക്കെതിരെ ഒരു വരി പോലും ഉച്ചരിക്കരുത്. ഇതാണ് ലൈന്‍.
ഈ ലൈനിനെതിര് നിന്നാലോ? വി.ടി ബല്‍റാമിന്റെ കാര്യം തന്നെ നോക്കൂ. ‘ബല്‍റാമിനൊക്കെ വിവരമുണ്ടെന്നായിരുന്നു കരുതിയത്! ഇതിപ്പോ?’ ഇങ്ങിനെയാണ് ഇടതുപക്ഷ ക്വട്ടേഷന്‍ ആദ്യം തുടങ്ങുക. പിന്നെ ആ പാര്‍ട്ടിയിലെ ഒട്ടും വിവരമില്ലാത്തവന്‍ എന്ന മുദ്ര കുത്തും. പിന്നെ സാധ്യമായ രീതിയിലൊക്കെ അപകീര്‍ത്തിപ്പെടുത്തും. ബല്‍റാമിന് ഫെയിസ് ബുക്കില്‍ കിട്ടുന്ന സ്വീകാര്യതയെ അവര്‍ വിശേഷിപ്പിക്കുക ഫെയിസ്ബുക്കില്‍ മാത്രം ജീവിക്കുന്ന ആള്‍ എന്നാണ്. ബല്‍റാമിനേക്കാള്‍ പിണറായിക്കാണ് ലൈക്ക് കൂടുതല്‍ കിട്ടിയിരുന്നതെങ്കിലോ? പിണറായിയുടെ ജന പിന്തുണ മനസ്സിലാക്കി ബല്‍റാം എം.എല്‍. എ സ്ഥാനം രാജി വെക്കണം എന്ന് വരെ എം.ബി രാജേഷ് ആവശ്യപ്പെട്ടേനെ!!
മേല്‍ പറഞ്ഞ ക്വട്ടേഷന്‍ ടീമുകള്‍ക്ക് പാര്‍ട്ടി എല്ലാ തരത്തിലും പിന്തുണ കൊടുക്കും. കൊലയാളികള്‍ക്ക് പിന്തുണ കൊടുക്കുന്ന പാര്‍ട്ടിക്കാണോ മറ്റുള്ള ക്വട്ടേഷന്‍! 51 വെട്ട് വെട്ടി ഒരു മനുഷ്യനെ കൊന്ന മുഹമ്മദ് ഷാഫി എന്ന ക്രിമിനലിന് പാര്‍ട്ടി ഗ്രാമത്തില്‍ കിട്ടുന്ന സ്വീകാര്യത നമ്മള്‍ കണ്ടില്ലേ? വീരാരാധനയാണ് അയാളോട് പാര്‍ട്ടിക്കാര്‍ക്ക്. അയാളോട് മാത്രമല്ല പാര്‍ട്ടിക്ക് വേണ്ടി കൊല്ലുന്ന എല്ലാവരോടും.
എത്തിക്‌സിന്റെയും മൊറാലിറ്റിയുടെയുമൊക്കെ അളവു യന്ത്രം എപ്പോഴും ഇടതുപക്ഷ ക്വട്ടേഷന്‍ ടീമിന്റെ കയ്യിലായിരിക്കും. അവരാണതൊക്കെ തീരുമാനിക്കുക. ആ അളവുകോലാണ് ബല്‍റാം ഇപ്പോള്‍ വാങ്ങി രണ്ടായി ഒടിച്ചിട്ടിരിക്കുന്നത്. കൊലയാളികളുടെ ക്വട്ടേഷന്‍ മാത്രമല്ല ഇടതുപക്ഷ ക്വട്ടേഷന്‍ മൊത്തത്തില്‍ തകര്‍ക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം കൂടിയാണത്. ആ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ.