X

വനിതാ മതിലിന് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുക്കരുത്; പി.കെ ഫിറോസിന്റെ ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച വനിതാ മതിലില്‍ വനിതാ ക്ഷേമ വകുപ്പിന്റെ ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്ന പണമല്ലാതെ മറ്റൊരു തുകയും ഉപയോഗിക്കാന്‍ പാടില്ലെന്നു ഹൈക്കോടതി. വനിതാ മതിലിന്റെ ചെലവിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം ചെലവിടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഡ്വ. പി. ഇ സജല്‍ മുഖേന നല്‍കിയ ഹര്‍ജിയും വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി ബിനു സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

വനിതാ മതിലാനായി ചെലവാക്കുന്ന പണം എത്രയാണെന്നും, അത് ഏത് വകുപ്പില്‍ നിന്ന് ചെലവഴിക്കുന്നെന്നും, പ്രളയത്തിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് വനിതാ മതിലെനെന്നും, പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെങ്കില്‍ അത് തടയണമെന്നും ആവശ്യപെട്ടായിരുന്നു ഫിറോസിന്റെ ഹര്‍ജി. ഇതെല്ലാം വ്യക്തമാക്കുന്നതായി കോടതിയുടെ ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പരിപാടിക്കായി ചെലവാക്കുന്ന തുകയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.വനിതാ ക്ഷേമ വകുപ്പിന്റെ ഫണ്ടില്‍ നിന്നല്ലാതെ ഒരു രൂപ പോലും ചെലവഴിക്കരുത്. യു എന്‍ ചാര്‍ട്ടറിന്റെ വ്യവസ്ഥയനുസരിച്ച് പതിനെട്ടു വയസ്സില്‍ താഴെ ഉള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുത്, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വനിതാ മതിലിന് നിര്‍ബഡിത സ്വഭാവം ഇല്ലെന്നും, സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുടെ പണം ചെലവഴിക്കില്ലെന്നും, പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ വകുപ്പു നടപടി സ്വീകരിക്കില്ലെന്നും കാണിച്ച് സര്‍ക്കാര്‍ സത്യവാങ്ങ് മൂലം സമര്‍പ്പിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രളയ ബാധിതര്‍ക്കാണോ, വനിതാ മതിലിനാണോ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. സര്‍ക്കാരിനോടു വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സത്യാവങ്ങ് മൂലം സമര്‍പ്പിച്ചത്.

കേരളത്തില്‍ കനത്ത നാശം വിതച്ച പ്രളയത്തിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കാന്‍, സര്‍ക്കാരിന്റെ പദ്ധതികളും, സഹായങ്ങളും പൊതു ജനങ്ങളെ അറിയിക്കാന്‍ പത്രങ്ങളില്‍ പരസ്യം ചെയ്യാന്‍ ഹൈക്കോടതി പ്രളയവുമായി ബന്ധപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികളില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍അത്തരത്തില്‍ പരസ്യം ചെയ്യാന്‍ സര്‍ക്കാരിന് പണം ഇല്ലായെന്ന് ബോധ്യപ്പെടുത്തി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രളയ കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, മറിച്ച് സര്‍ക്കാരിന്റെ രാഷട്രീയ താത്പര്യങ്ങള്‍ നടപ്പിലാക്കാനായി വനിതാ മതില്‍ നിര്‍മ്മിക്കാന്‍ കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

വനിതാ മതില്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങള്‍ വഴിയും പരസ്യവും മറ്റും ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. വനിതാ മതിലാനായി ചെലവാക്കുന്ന പണം എത്രയാണെന്നും, അത് ഏത് വകുപ്പില്‍ നിന്ന് ചെലവഴിക്കുന്നെന്നും, പ്രളയത്തിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് വനിതാ മതിലിനെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെങ്കില്‍ അത് തടയണമെന്നും ആവശ്യപെടുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 50 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

വനിതാ മതില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്ന പണം വിനിയോഗിക്കേണ്ടത് അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇത്തരത്തില്‍ നീക്കി വച്ചിരിക്കുന്ന ഫണ്ട് ലാപ്‌സ് ആവില്ലെന്നും സര്‍ക്കാറിന്റെ തുടര്‍ അനുമതിയോടെ അടുത്ത വര്‍ഷത്തേക്ക് ഉപയോഗപ്പെടുത്താനാവുമെന്നും അഡ്വ. സജല്‍ കോടതിയില്‍ ബോധിപ്പിച്ചു. പ്രളയമുണ്ടായെന്നു വച്ചു സര്‍ക്കാര്‍ നടത്തേണ്ട മറ്റു പരിപാടികള്‍ ഉപേക്ഷിക്കാനാവില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ചെലവു ചുരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും സ്‌കൂള്‍ യുവജനോല്‍സവത്തിനുള്ള തുക മൂന്നിലൊന്നായി വെട്ടിക്കുറിച്ചിട്ടും വനിതാ മതിലിനായി ഭീമമായ തുക മാറ്റിവയ്ക്കുന്നതു സര്‍ക്കാറിന്റെ ധൂര്‍ത്താണെന്നു ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയി, ജസ്റ്റിസ്.ജയശങ്കര്‍ നമ്പ്യാര്‍, അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ആറാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

chandrika: