തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ പരാതിക്കാരനായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.കെ ഫിറോസിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന സെബര്‍ സെല്‍ സി.ഐ കെ.ആര്‍ ബിജുവാണ് പി.കെ ഫിറോസില്‍ നിന്ന് മൊഴി എടുത്തത്. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജെയിംസില്‍ നിന്നും മൊഴി എടുത്തിട്ടുണ്ട്.
സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ രേഖകളും സെന്‍കുമാറിന്റെ പരാമര്‍ശം സമൂഹത്തില്‍ ഉളവാക്കിയ പ്രതിഫലനങ്ങളുടെ രേഖകളും പി.കെ ഫിറോസ് അന്വേഷണ സംഘത്തിന് കൈമാറി. വിവാദ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സെന്‍കുമാറിന്റെ പരാമര്‍ശം അടങ്ങിയ വീഡിയോ ക്ലിപ്പും കൈമാറിയിട്ടുണ്ട്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഡി. നൗഷാദ്, സംസ്ഥാന സമിതി അംഗം എ.പി മിസ്‌വര്‍ എന്നിവരും പി.കെ ഫിറോസിനൊപ്പമുണ്ടായിരുന്നു.
പി.കെ ഫിറോസ് നല്‍കിയ പരാതിയിലാണ് സൈബര്‍ ക്രൈം പൊലീസ് സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വാരികയുടെ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. മതസ്പര്‍ധ വളര്‍ത്തുന്ന പരാമാര്‍ശം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമനം 153(എ), ഐ.ടി നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.