പെരുമ്പാവൂര്‍: വെറുതെ വീരവാദം മുഴക്കാതെ യൂത്ത്‌ലീഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കെ.ടി ജലീല്‍ തയ്യാറാവണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ജലീല്‍ തന്റെ ബന്ധുവിനെ നിയമവിരുദ്ധമായി സര്‍ക്കാര്‍ വേതനം പറ്റുന്ന സ്ഥാനത്ത് നിയമിച്ചു എന്നാണ് യൂത്ത്‌ലീഗ് ആരോപിച്ചത്. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തയ്യാറാവണമെന്നും ഫിറോസ് പറഞ്ഞു. പെരുമ്പാവൂരില്‍ യുവജനയാത്രയുടെ എറണാകുളം ജില്ലാ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടുകള്ളന്‍ വീരപ്പന്‍ താന്‍ ആരുടെയെങ്കിലും ബൈക്കോ കാറോ മോഷ്ടിച്ചെന്ന് തെളിയിക്കാനാവുമോ എന്ന് വെല്ലുവിളിക്കുന്നതുപോലെയാണ് ജലീലിന്റെ വെല്ലുവിളി. താന്‍ ആര്‍ക്കെങ്കിലും കാശ് കൊടുക്കാനുണ്ടെന്ന് തെളിയിക്കാമോ എന്നൊക്കെയാണ് ജലീല്‍ വെല്ലുവിളിക്കുന്നത്. അങ്ങനെയൊരു ആരോപണം യൂത്ത്‌ലീഗ് ഉന്നയിച്ചിട്ടില്ല. എന്നാല്‍ യോഗ്യതയും മാനദണ്ഡങ്ങളും അട്ടിമറിച്ച് ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ തലപ്പത്ത് നിയമിച്ചതിനെ കുറിച്ച് പറയാന്‍ ജലീലിന് തന്റേടമുണ്ടോ എന്നും ഫിറോസ് ചോദിച്ചു.
മലപ്പുറത്ത് ലീഗുകാര്‍ക്ക് മുന്നിലൂടെ നെഞ്ച് വിരിച്ച് നടന്നു എന്നാണ് മന്ത്രി പറയുന്നത്. ലീഗുകാര്‍ക്ക് മുന്നിലൂടെ ഇനിയും ജലീലിന് നടക്കാം. ആരും ജലീലിനെ 51 വെട്ട് വെട്ടി അവസാനിപ്പിക്കില്ല. ജനാധിപത്യ പ്രതിഷേധമാണ് ലീഗിന്റെ വഴിയെന്നും ഫിറോസ് വ്യക്തമാക്കി.